ദക്ഷിണേന്ത്യയുടെ അഭിമാനം: കലാമണ്ഡലം രംഗകലാ മ്യൂസിയത്തിന് ശാപമോക്ഷം
ചെറുതുരുത്തി: ദക്ഷിണേന്ത്യന്‍ കലകളുടെ അഭിമാന നിറവായി കലാമണ്ഡലം കല്‍പ്പിത സര്വ്വകലാശാലയോടനുബന്ധിച്ചു എട്ടു കോടി രൂപ ചിലവഴിച്ചു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദക്ഷിണേന്ത്യന്‍ രംഗ കലാ മ്യൂസിയത്തിനു ഒടുവില്‍ ശാപമോക്ഷമാകുന്നു . 2016 ഫെബ്രുവരിയില്‍ ഉദ്ഘാടനം കഴിഞ്ഞ രംഗകലാ മ്യൂസിയം അധികൃത അനാസ്ഥയെ തുടര്‍ന്നു അടച്ചു പൂട്ടിക്കിടക്കുകയായിരുന്നു. മ്യൂസിയത്തിനുള്ളിലെ ഇലക്ട്രോണിക്സ് സംവിധാനം പൂര്‍ണ്ണമല്ല എന്ന കാരണം പറഞ്ഞാണു മ്യൂസിയം അടച്ചു പൂട്ടി കിടന്നിരുന്നത്. ആറു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നായിരുന്നു കലാമണ്ഡലം അധികൃതരുടെ നിലപാട്. എന്നാല്‍ തുക അനുവദിയ്ക്കുന്നതിനു ഒരു നടപടിയും ഉണ്ടായതുമില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിയ്ക്കാന് ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ടര കോടി രൂപയാണു അനുവദിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ചു പരമാവധി പണികള്‍ പൂര്‍ത്തീകരിയ്ക്കുകയും മ്യൂസിയം തുറന്നു കൊടുക്കുന്നതിനുമാണു തീരുമാനമെന്നു വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന് അറിയിച്ചു. നാല്പതിനായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പണി തീര്‍ത്ത കെട്ടിടത്തില്‍ കേരളത്തിന്റെ വാസ്തുശില്ല മാതൃക മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രംഗകലയുടെ എല്ലാവിധ വേഷങ്ങളും അനുബന്ധ സാമഗ്രികളും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിജിറ്റല്‍ ലൈബ്രറിയും ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും റിസേര്‍ച്ച് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലമാണു കേരളത്തിന്റെ വാസ്തുശില്പ്പമാതൃകയിലുള്ള ഈ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. 2012 സെപ്തംബര്‍ 12 നാണു മുന്‍ പ്രധാന മന്ത്രി മന്മോഹന് സിങ്ങ് രംഗകലാ മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചത്. നാലു വര്‍ഷം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഉദ്ഘാടനത്തിനു സജ്ജമാക്കുകയായിരുന്നു. ഇപ്പോള്‍ കെട്ടിടത്തിനു ശാപമോക്ഷമാകുമ്പോള് വലിയ ആഹ്ലാദത്തിലാണു കലാപ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."