ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കല്ലേറ്
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്തു ഉത്സവത്തിനിടെ പാപ്പാന്മാരും ഒരു വിഭാഗം ആളുകളും തമ്മില്‍ സംഘര്‍ഷത്തില്‍ പൊലിസ് ജീപ്പിനും
ആനവണ്ടിക്കും കാറിനും നേരെ കല്ലേറ്. ആല ക്ഷേത്രോത്സവത്തിനിടെ ചൊവ്വാഴ്ച രാത്രി പത്തൊടെയാണു സംഭവം. എഴുന്നള്ളിപ്പിനു ശേഷം ക്ഷേത്രത്തിനടുത്തു തളച്ചിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനിടയാക്കിയത്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവരും പാപ്പാന്മാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരാള്‍ക്കു മര്‍ദ്ദമേല്‍ക്കുകയും നിലത്തുവീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റതായും പൊലിസ് പറഞ്ഞു.
ഇതിനിടെ ആനയെ കൊണ്ടുവന്ന ലോറിക്കും ആനക്കു ഭക്ഷണം കൊണ്ടുവന്ന കാറിനും നേരെ കല്ലേറുണ്ടായി. ആനവണ്ടിയുടെ ചില്ലും കാറിന്റെ ഹെഡ്‌ലൈറ്റും തകര്‍ന്നു.
പൊലിസ് ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിച്ചു ആനയെ സ്ഥലത്തു നിന്നും കൊണ്ടുപോകാന്‍ തീരുമാനിച്ചു. ആനയെ ലോറിയില്‍ കയറ്റാനായി കൊണ്ടുവരുന്നതിനിടെയാണു പൊലിസ് ജീപ്പിനുനേരെയും കല്ലേറുണ്ടായത്. ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ലു തകര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ മതിലകം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."