റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓച്ചിറ ഭാഗത്തുള്ള മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് സൂചന.
നിലവില്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുവായി നേരിട്ട് ബന്ധമില്ലെന്നാണ് വിവരം. കൊലയാളി സംഘത്തിന് ചുവന്ന കളര്‍ സ്വിഫ്റ്റ് കാര്‍ സംഘടിപ്പിച്ച് നല്‍കിയ റെന്റ് എ കാര്‍ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേരാണ് പിടിയിലായത്. അതേസമയം പൊലിസ് ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.
പിടിയിലായവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണെന്നും ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശികളായ നാലു പേരെകുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് മനസിലാക്കിയതായും സൂചനയുണ്ട്.
നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റുചെയ്യുമെന്നും ഗൂഢാചോലനയടക്കം കണ്ടെത്തുമെന്നും ഉന്നത പൊലിസ് വൃത്തങ്ങള്‍ പറയുന്നു.
ഖത്തറില്‍ ജോലിയുള്ള യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘത്തില്‍ ആറ്റിങ്ങല്‍ സബ്ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരയും ഷാഡോ പൊലിസ് സംഘത്തെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.
ഈ സംഘമാണ് നിലവില്‍ കസ്റ്റഡിയിലുള്ളവരെ പിടികൂടിയത്. രാജേഷ് ഉപയോഗിച്ചിരുന്ന മൊബൈല്‍ രഹസ്യ കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ഇതുവരെയും ഫോണിലെ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഇതിനായി ഫോണ്‍ വിദഗ്ധനെ ഏല്‍പിച്ചതായും അന്വേഷണ സംഘത്തലവന്‍ ഡി.വൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിലെ പരിപാടി ശേഷം രാജേഷിന്റെ ഫോണില്‍ നിരവധി ഫോണ്‍കോളുകള്‍ വന്നതായും രാജേഷ് അസ്വസ്തനായതായും വിവരമുണ്ട്. പരിപാടി തീരും മുന്‍പെ സുഹൃത്ത് കുട്ടനുമായി രാജേഷ് മടവൂരിലെ സ്വന്തം സ്റ്റുഡിയോവിലേക്ക് എത്തുകയും കൊല്ലപ്പെടുകയുമായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുന്‍പും ഖത്തറിലെ യുവതിയുടെ ഫോണ്‍ രാജേഷിന് വന്നതായി സൂചനയുണ്ട്.
മുല്ലനെല്ലൂര്‍ ക്ഷേത്രത്തിലെ പരിപാടി അവതരിപ്പിച്ച് തിരികെ കുട്ടനോടൊപ്പം ബൈക്കിലെത്തിയ രാജേഷിനെ ഒരു വാഹനവും പിന്‍തുടര്‍ന്നിരുന്നില്ലെന്ന സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭ്യമായിട്ടുണ്ട്.
ഇക്കാരണത്താലാണ് യുവതിയുടെ തന്നെ ക്വട്ടേഷനാണോ ഇതെന്ന് പൊലിസ് സംശയിക്കാന്‍ കാരണം.
ക്വട്ടേഷന്‍ സംഘാംഗങ്ങളെ പറ്റി വ്യക്തമായ സൂചന ലഭിച്ച സ്ഥിതിക്ക് കേസിലെ ഗൂഡാലോചനയടക്കം എല്ലാ വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. ആശുപത്രിയിലുള്ള രാജേഷിന്റെ സുഹൃത്ത് കുട്ടനില്‍ നിന്ന് പൊലിസ് വീണ്ടും മൊഴിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."