വായ്പ നിഷേധിക്കുന്നതായി ഭിന്നലിംഗക്കാര്‍
കോട്ടയം: വീടും സ്ഥലവുമില്ലാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതി പ്രകാരമുള്ള വായ്പ നിഷേധിച്ചെന്ന് ഭിന്നലിംഗക്കാര്‍. സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ മഹാഭൂരിപക്ഷവും സ്വന്തം വീട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരോ വീടോ സ്ഥലമോ ഇല്ലാത്തവരുമാണ്.
സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. എന്നിട്ടും സ്വയംതൊഴില്‍ വായ്പയ്ക്ക് വീടോ സ്ഥലമോ ബന്ധുക്കളോ വേണമെന്ന നിബന്ധനയാണ് സാമൂഹികനീതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നതെന്ന് ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ധ്വനി കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ വായ്പ നിഷേധിക്കുന്ന ജില്ലാസാമൂഹിക നീതിവകുപ്പിന്റെ നടപടി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷനുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ഭിന്നലിംഗക്കാര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല. ഭിന്നലിംഗക്കാരുടെ എണ്ണം സംബന്ധിച്ച് തെറ്റായ കണക്കുകളാണ് എന്‍.ജി.ഒകള്‍ സര്‍ക്കാരിന് നല്‍കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്തുവരുന്നത്.
ധ്വനി കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകരായ വൈക്കം രഞ്ചുമോള്‍, അവന്തിക, ആദര്‍ശ് മോഹന്‍, ആന്‍മരിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."