രോഗികളോട് മോശമായി പെരുമാറുന്നവര്‍ക്ക് സര്‍വിസില്‍ തുടരാന്‍ യോഗ്യതയില്ല: മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷ്യത്വരഹിതമാണെന്നും ജീവനക്കാരനെതിരേ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍വിസില്‍ തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൈ ജീവനക്കാരന്‍ പിടിച്ച് തിരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗവും ഉത്തരവാദിത്വ പൂര്‍ണവുമായ സേവനം നടത്തുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാരും. എന്നാല്‍ രോഗിയോട് ക്രൂരമായി പെറുമാറുന്നവരും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുന്നവരും ഡ്യൂട്ടി സമയത്ത് മറ്റാവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കൈക്കൂലി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന തരത്തില്‍ ചില മേഖലകളില്‍നിന്നും രോഗികളില്‍നിന്നും മന:പൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് വളമേകുകയാണ് ചെയ്യുന്നത്. അതിനാല്‍ കര്‍ത്തവ്യ വിലോപം കാട്ടുന്നവര്‍ക്കും പൊതുജനാരോഗ്യ സേവന ചിട്ടകള്‍ അനുസരിക്കാത്തവര്‍ക്കും എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫിസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."