സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്നു സമാപിക്കും.അടുത്തമാസം ഹൈദരാബാദില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൂര്‍ത്തിയായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി പറയും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ നടന്നുവരുന്ന യോഗത്തിന്റെ പ്രധാന അജന്‍ഡ പി.ബി അംഗീകാരം നല്‍കിയ സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയാണ്. യോഗത്തില്‍ ഉയര്‍ന്നുവന്ന ഭേദഗതികള്‍ വീണ്ടും പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ചചെയ്യും. ആവശ്യമെങ്കില്‍ റിപ്പോര്‍ട്ടില്‍ ഭേദഗതിയും വരുത്തും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഹൈദരാബാദില്‍ നിലവിലുള്ള കേന്ദ്ര കമ്മിറ്റിയുടെ അവസാന യോഗം നടക്കും. ഈ യോഗത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ചചെയ്തു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ യോജിച്ച് മത്സരിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. ഇന്നലെ വൈകീട്ട് പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് കേന്ദ്രകമ്മിറ്റി യോഗത്തിലെ നടപടികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."