തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. പൂജപ്പുര സ്വദേശി ഹരിയുടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. ഇന്നലെ രാവിലെ 11 മണിയോടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും 88500 രൂപ പിന്‍വലിച്ചെന്ന സന്ദേശം ഹരിയുടെ മൊബൈലില്‍ എത്തിയത്. ഉടന്‍ എസ്.ബി.ഐയില്‍ പരാതി നല്കി.
അന്താരാഷ്ട്രതലത്തിലാണ് വിനിമയം നടന്നിരിക്കുന്നതെന്നും അങ്ങനെയെങ്കില്‍ നഷ്ടപ്പെട്ട പണം തിരിച്ചു നല്കാമെന്നുമാണു ബാങ്ക് അധികൃതര്‍ അറിയിച്ചത്.
സൈബര്‍ സെല്ലിലും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പെയ്പാല്‍ എന്ന ഓണ്‍ലൈന്‍ പണമിടപാട് ആപ്ലിക്കേഷന്‍ വഴി പണം പിന്‍വലിച്ചതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, പെയ്പാലില് തനിക്ക് അക്കൗണ്ട് ഇല്ലെന്നും മറ്റേതെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വ്യാപാരം നടത്തുകയോ ഒ.ടി.പി നമ്പര്‍ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഹരി പറയുന്നു.
ചലച്ചിത്ര നടന് പൂജപ്പുര രവിയുടെ മകനാണ് ഹരി. ഒരാഴ്ചക്കുള്ളില്‍ പണം തിരികെ നല്‍കാമെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് പണം നഷ്ടമായ പലര്‍ക്കും തിരികെ ലഭിച്ചിട്ടില്ല. സമാനമായ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലിസ് അറിയിച്ചതായും ഹരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."