കോഴിഫാമുകള്‍ക്ക് കഷ്ടകാലം
കണ്ണൂര്‍: നേരത്തെ കിലോയ്ക്ക് 120 രൂപയോളം ഉണ്ടായിരുന്ന മലയാളിയുടെ ഇഷ്ടഭോജ്യമായ കോഴിക്ക് കഴിഞ്ഞ മൂന്നു മാസത്തോളമായി വെറും 80 രൂപ മാത്രം. ഇതോടെ ജില്ലയിലെ നിരവധി കോഴി ഫാമുകള്‍ നഷ്ടം സഹിക്കാനാവാതെ പൂട്ടിത്തുടങ്ങി.
വന്‍കിട കോഴിഫാമുകള്‍ കേരളത്തിലും അരങ്ങുവാഴാന്‍ തുടങ്ങിയതോടെയാണ് ചെറുകിട കര്‍ഷകരുടെ പതനം തുടങ്ങിയതെന്ന് കോഴി കര്‍ഷകര്‍ പറയുന്നു. മുമ്പ് വരെ വേനല്‍ക്കാലങ്ങളില്‍ കോഴി വില്‍പനയില്‍ ഉണ്ടാകാറുള്ള മാന്ദ്യം മറികടക്കാന്‍ കഴിയുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ജി.എസ്.ടിയുടെ വരവോടെ വന്‍കിട കോഴി ഫാമുകള്‍ വില വര്‍ധിപ്പിക്കുന്നതിനും താഴ്ത്തുന്നതിനും അനുസരിച്ച് ചെറുകിട കര്‍ഷകരും വിലയില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ തയാറാകേണ്ട അവസ്ഥയാണ്. നിലവില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് 55 രൂപയ്ക്കാണ് ഇറച്ചിക്കോഴികളെ കേരളത്തിലെത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ ചെറുകിട കോഴിഫാം നടത്തിപ്പുകാര്‍ക്ക് ഒരു ഇറച്ചിക്കോഴിയെ വളര്‍ത്തുന്നതിനായി ചെലവാകുന്നത് ചുരുങ്ങിയത് 76 രൂപയാണ്. ചൂട് കൂടിയതോടെയാണ് വന്‍കിട ഫാമുകള്‍ തുച്ഛമായ വിലയില്‍ വില്‍പന നടത്താന്‍ തുടങ്ങിയത്. ഇതോടെ കേരളത്തിലെ ചെറുകിട ഫാമുകള്‍ പിടിച്ചുനില്‍ക്കാനാവാതെ പൂട്ടുകയായിരുന്നു. കോഴിയുടെ വില അനുദിനം താഴോട്ടാണെങ്കിലും മത്സ്യത്തിന്റെ വില മുകളിലേക്കു തന്നെ. മത്തി, അയല, അയക്കൂറ, ആവോലി തുടങ്ങിയ മത്സ്യങ്ങള്‍ക്ക് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനത്തോളം വില വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."