മധുവിന്റെ കൊലപാതകം: സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു; കൊടിക്കുന്നില്‍ സുരേഷ് എം.പി
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും നിയമസഭയിലും സ്വീകരിച്ചു വരുന്ന നിലപാടുകള്‍ കേരളത്തിന്റ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊലചെയ്യപ്പെടുന്നത്. ഈ സര്‍ക്കാരിന്റെ കീഴില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും സുരക്ഷിതത്വമില്ലായെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊലചെയ്യപ്പെട്ടത്.
അട്ടപ്പാടിയില്‍ മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലായ ഇടതുമുന്നണി സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കിയാണ് കോടതിയിലും നിയമസഭയിലും സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിമാരും വിശദീകരണം നല്‍കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
മാനസികാസ്വാസ്ഥ്യം ഉളളതു കൊണ്ടാണ് മധു കാട്ടില്‍ പോയി താമസിച്ചതെന്നും അവിടെ സ്വന്തം നിലയില്‍ ജീവിച്ചതെന്നുമുള്ള സര്‍ക്കാരിന്റെ വാദം തന്നെ വിചിത്രമാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദിവാസികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട ഭക്ഷണവും ചികിത്സയും നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കാതിരിക്കുന്നതു മൂലമാണ് കേരളത്തിന്റെ പല ഭാഗത്തും പട്ടിണിയും ചികിത്സ കിട്ടാതെയും ആദിവാസികള്‍ മരിക്കുന്നത്. മധുവിന്റെ കുടുംബം സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണെന്നുള്ള കണ്ടുപിടിത്തം വസ്തുതാ പരമായി തെറ്റാണ്. വലിയ ജനരോക്ഷത്തില്‍ നിന്നും രക്ഷപ്പെടാനും നിര്‍ജീവമായ സര്‍ക്കാരിന് എതിരേ ഉണ്ടായ എതിര്‍പ്പില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനും വേണ്ടിയാണ് ഹൈക്കോടതിയില്‍ വിശ്വാസ യോഗ്യമല്ലാത്ത വിശദീകരണം നല്‍കി സര്‍ക്കാര്‍ കൂടുതല്‍ ആദിവാസി ദലിത് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."