പുനലൂര്‍-ചെങ്കോട്ട റെയില്‍പാത: ആദ്യ ട്രെയിന്‍ ഇന്ന് കൊല്ലത്തേക്ക്
കൊല്ലം: പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയിലൂടെ ആദ്യ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും. ഇന്നലെ വൈകിട്ട് 5.30 ന് താമ്പരത്ത് നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ഇന്ന് രാവിലെ ചെങ്കോട്ടയില്‍ എത്തിയശേഷം അവിടെനിന്നും യാത്ര തിരിച്ച് 10.30 ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പാതയില്‍ ആദ്യമായി മുഴുവന്‍ ദൂരവും സഞ്ചരിക്കുന്ന ട്രെയിനിന് ചെങ്കോട്ടയിലും വിവിധ സ്റ്റേഷനുകളിലും സ്വീകരണം നല്‍കും. ഈ സാമ്പത്തിക വര്‍ഷം പാത കമ്മിഷന്‍ ചെയ്യുന്നതിനായി ഇന്നുതന്നെ ആദ്യ സര്‍വിസ് നടത്തുമെങ്കിലും പാതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം പാതയിലൂടെ സ്ഥിരമായി ട്രെയിന്‍ സര്‍വിസ് ആരംഭിക്കും.
2017-18 സാമ്പത്തിക വര്‍ഷം തന്നെ പുനലൂര്‍ ചെങ്കോട്ട റെയില്‍പാത ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടി നിരന്തരമായി നടത്തിയ ശ്രമങ്ങളുടെയും വാഗ്ദാനം നിറവേറ്റുന്നതിന്റെയും സാക്ഷാത്കാരമാണ് പാതയുടെ കമ്മിഷനിങ് എന്നും എം.പി പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ സാമ്പത്തിക വര്‍ഷം സര്‍വിസ് ആരംഭിക്കാന്‍ കഴിയുന്നത് സന്തോഷകരമാണ്. ഉറപ്പ് പാലിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ പാതയിലുടെ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിനായി പരിശ്രമിച്ച റെയില്‍വേ മന്ത്രാലയത്തിന്റെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും നടപടി അഭിനന്ദാര്‍ഹമാണ്.
കഴിഞ്ഞ നാല് വര്‍ഷക്കാലം കൊണ്ട് പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുളള പാതയുടെ 80 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചാണ് ഈ വര്‍ഷം തന്നെ പാതയിലുടെ സര്‍വിസ് ആരംഭിക്കാന്‍ കഴിഞ്ഞത്. കൊല്ലം ലോകസഭ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസനങ്ങളില്‍ ഒന്നായ ഗേജ്മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും പാത കമ്മിഷന്‍ ചെയ്യുന്നതിനുമായി സഹകരിച്ച റെയില്‍വേയുടെ നടപടി സ്വാഗതാര്‍ഹമാണ്.
കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജഗവൈ പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലില്‍ നിര്‍വഹിക്കുമെന്നും അന്നു തന്നെ പാതയിലൂടെ പുതിയ മൂന്ന് ട്രെയിന്‍ സര്‍വിസുകള്‍ എങ്കിലും നടത്തി തുടങ്ങുമെന്നും മന്ത്രി അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
യാഥാര്‍ഥ്യമാകുന്നത് തന്റെ വികസന
സ്വപ്നങ്ങളെന്ന് കൊടിക്കുന്നില്‍
കൊട്ടാരക്കര: ചെന്നൈ താമ്പരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ചെങ്കോട്ട വഴി കൊല്ലത്തേക്ക് ട്രെയിന്‍ ഇന്ന് ഓടും. ഈ പാതയിലൂടെ ട്രെയിന്‍ ഓടുമ്പോള്‍ യാഥാര്‍ഥ്യമാകുന്നത് തന്റെ വികസന സ്വപ്നങ്ങളെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
പല ഘട്ടങ്ങളിലും നിര്‍മാണ ജോലികള്‍ ഇഴഞ്ഞ് നീങ്ങിയപ്പോള്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായും, വകുപ്പ് മന്ത്രിമാരുമായും നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. പാതയുടെ നവീകരണത്തോടൊപ്പം പ്ലാറ്റ് ഫോമുകളുടെയും നവീകരണത്തിന് പല ഘട്ടങ്ങളിലും ഫണ്ട് അനുവദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.പുതിയതായി 4 ട്രയിനുകള്‍ അനുവദിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നതെന്നും കിഴക്കന്‍ മേഖലയിലെ യാത്രാദുരിതത്തിന് ഒരു പരിധി വരെ ഇതു മൂലം പരിഹാരം ആയിട്ടുണ്ട്. എം.പി എന്ന നിലയില്‍ ബ്രോഡ്‌ഗേജ് പണികള്‍ പൂര്‍ത്തിയാകാതെ വന്നപ്പോഴാണ് നിരാഹാര സത്യാഗ്രഹം നടത്തിയത്.
കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ താന്‍ നടത്തിയ നിരാഹാര സത്യാഗ്രഹമാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിച്ചത്. ഔദ്യോഗികമായി കൊല്ലം മുതല്‍ ചെന്നൈ വരെയുള്ള മീറ്റര്‍ ഗേജ് പാത ബ്രോഡ്‌ഗേജ് ആക്കിയതിന്റെ ഉദ്ഘാടനം ഏപ്രില്‍ രണ്ടാം വാരത്തില്‍ റെയില്‍വേ സഹ മന്ത്രി രാജന്‍ ഗോഗെയിന്‍ നിര്‍വഹിക്കും. പാത പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയിലെ യാത്ര പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാനും വ്യപാര ബന്ധം വര്‍ധിപ്പിക്കുവാനും കഴിയും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ലൈനായി ഇത് മാറും. എറണാകുളം തിരുവനന്തപുരം സെക്ടറിലുള്ള സര്‍വിസുകളായ രാമേശ്വരം, തൂത്ത്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സര്‍വിസ് ആരംഭിക്കുവാന്‍ കഴിയും. കൊല്ലം, ചെങ്കോട്ട മീറ്റര്‍ ഗേജ് പാതയില്‍ ഓടികൊണ്ടിരുന്ന എല്ലാ സര്‍വിസുകളും പുനസ്ഥാപിക്കുവാന്‍ റെയില്‍വേ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി വരികയാണ്.
താന്‍ എം. പി ആയ ശേഷം തുടങ്ങിയ കൊല്ലം മധുര, കൊയംപുത്തൂര്‍, വേളാങ്കണി എന്നീ സര്‍വീസുകളും പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടും. കൊല്ലം ചെന്നൈ, കൊല്ലം എഗ്മൂര്‍ കൊല്ലം നാഗര്‍ കോവില്‍ എന്നീ ട്രെയിനുകള്‍ പുനസ്ഥാപിക്കുവാന്‍ റെയില്‍വേ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം.പി കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."