എങ്ങനെ മക്കളെ രാഷ്ട്രീയത്തിലയക്കും
കുടുംബകാര്യങ്ങള്‍ മറന്നും ജീവിതം രാഷ്ട്രീയത്തിനായി നീക്കിവച്ചയാളുടെ മകളാണു ഞാന്‍. അതുമൂലം ഞങ്ങള്‍ക്ക് വ്യക്തിപരമായുണ്ടായ നഷ്ടമെന്തെന്നു നന്നായി എനിക്ക് അറിയാം. ആ എന്നോട് കഴിഞ്ഞദിവസം എന്റെ മകന്‍ ചോദിച്ചു, 'ഞാന്‍ രാഷ്ട്രീയത്തിലിറങ്ങട്ടെ'യെന്ന്. ഞാന്‍ എന്തു മറുപടി പറയും, എന്തു മറുപടി പറയണം.
രാഷ്ട്രീയക്കാരന്റെ മകളായ എനിക്ക് അപ്പന്റെ സാമീപ്യം വേണ്ട സമയത്തു വേണ്ടതുപോലെ കിട്ടാതെ പോയ പരാതി ഇപ്പോഴും തീര്‍ന്നിട്ടില്ല. അതു കുടുംബത്തില്‍ ഒരു പ്രശ്‌നം തന്നെയായിരുന്നു. രാഷ്ട്രീയക്കാരുടെ കള്ളക്കളികള്‍, പൊയ്മുഖങ്ങള്‍ എന്നിവയെക്കുറിച്ചു നേരിട്ടുള്ള അനുഭവങ്ങളുമുണ്ടെനിക്ക്. എന്റെ മകന്റെ ജീവിതം സുരക്ഷിതമായിരിക്കുമോ, അവനു നന്നായി ജീവിക്കാന്‍ സാധിക്കുമോ എന്നൊക്കെയാണ് എന്നിലെ അമ്മ ചിന്തിക്കുന്നത്.
പാര്‍ട്ടി ഏതായാലും എനിക്കൊന്നുമില്ല. സാധാരണക്കാരിയായ ഞാന്‍ സാധാരണക്കാരുടെ ഭാഷയില്‍ പറയും, എല്ലാ പാര്‍ട്ടിയും കണക്കാണ് എന്ന്. അവനാരായാലും സ്ത്രീകളോടും കുഞ്ഞുങ്ങളോടും അനാഥരോടും ദരിദ്രരോടും അങ്ങേയറ്റം കരുതലുള്ളവനാകണേയെന്നാണ് എനിക്ക്. അതവനോടു പറഞ്ഞിട്ടുണ്ട്. മറിച്ചായാല്‍ അവനോടും എന്നോടു തന്നെയും എനിയ്ക്കു സ്‌നേഹമോ ബഹുമാനമോ ഉണ്ടാവില്ല.
എന്തെങ്കിലും മോശം പ്രവര്‍ത്തി എന്റെ മകന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഞാന്‍ ജീവിച്ചിരിക്കെത്തന്നെ അവന് അമ്മയല്ലാതാവുമെന്നും കര്‍ശനമായി പറഞ്ഞിട്ടുണ്ട്. എന്റെ അനുഭവങ്ങള്‍ തന്നെയാണ് എന്നെക്കൊണ്ടത് എന്റെ മകനോട് നിര്‍ബന്ധമായും പറയാന്‍ ധൈര്യം തന്നത്.
എന്റെ അപ്പന്‍ എറണാകുളത്തു മത്സരിച്ച സമയത്ത് എന്റെ മകന്‍ പ്രകടനത്തിനും യോഗങ്ങള്‍ക്കും മറ്റും പോയിരുന്നു. അന്നവനു നാലുവയസ്സേയുള്ളൂ. ഞങ്ങളുടെ കുടുംബവഴക്ക് എതിര്‍സ്ഥാനാര്‍ഥിയും പാര്‍ട്ടിയും മുതലെടുക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് എന്റെ രണ്ടു മക്കളെയും അയച്ചത്. ആ തെരഞ്ഞെടുപ്പില്‍ അപ്പന്‍ തോറ്റു. എതിരാളിയുടെ മിടുക്കുകൊണ്ടല്ല, നിര്‍ത്തിയവര്‍ തന്നെ തോല്‍പ്പിച്ചുവെന്നാണു പറഞ്ഞുകേട്ടത്.
കലൂര്‍ മണവാട്ടിപറമ്പിലെ യോഗത്തില്‍ വി.എസ് അപ്പനുവേണ്ടി പ്രസംഗിക്കാനെത്തിയിരുന്നു, അന്നദ്ദേഹം പറഞ്ഞു, 'ലോറന്‍സ് ജയിച്ചാല്‍ മന്ത്രി'യാണെന്ന്. ലോറന്‍സ് അങ്ങനെ മന്ത്രിയാകേണ്ടെന്നു ചിലര്‍ക്കു തോന്നി. ഓട്ടോക്കാരുടെ അമിതകൂലിക്കെതിരേ നിലപാടെടുത്തതിനാല്‍ എറണാകുളത്തെ ഓട്ടോക്കാരാണു തോല്‍പ്പിച്ചതെന്നു ചിലര്‍ ആരോപണം പരത്തി. പാര്‍ട്ടിയുടെ കണക്കനുസരിച്ചു നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്കു ജയിക്കണമായിരുന്നു. എന്നാല്‍, അത്രത്തോളം വോട്ടുകള്‍ക്കു തോല്‍ക്കുകയാണു ചെയ്തത്. പിന്നില്‍നിന്നു കുത്തല്‍ രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമാണല്ലോ.
പാര്‍ട്ടി കണക്കിനപ്പുറമുള്ള കുറേയേറെ വോട്ടുകള്‍ അപ്പനു കിട്ടിയിരുന്നു. എന്റെ കൂട്ടുകാരും പരിചയക്കാരുമെല്ലാം അപ്പനാണു വോട്ടുചെയ്തത്. അരിവാള്‍ ചുറ്റിക നക്ഷത്രം കണ്ടാല്‍ സാത്താനെ കാണുന്നപോലെ മാറിനില്‍ക്കുന്നവര്‍ പോലും അപ്പനു വോട്ടു ചെയ്തു.
സ്ത്രീസംരക്ഷണം ഉറപ്പാക്കിയ വി.എസ് അധികാരത്തില്‍ വരണമെന്നായിരുന്നു അവരുടെ ആഗ്രഹം. വി.എസ് അധികാരത്തിലേറിയിട്ടും സ്ത്രീ സംരക്ഷണമെന്തായി എന്നു പില്‍ക്കാല ചരിത്രം (ഭരണം) തെളിയിച്ചു.
വി.എസില്‍ നിന്നു പിന്നീടു ഞങ്ങള്‍ക്കു വ്യക്തിപരമായ കുറേ സങ്കടങ്ങളാണു ലഭിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം വി.എസ് എന്റെ അപ്പനോടുള്ള വിരോധം തീര്‍ത്തതു ഞങ്ങളുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ചാനലിലൂടെ വിളിച്ചുപറഞ്ഞാണ്. അദ്ദേഹം ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചു. ഇപ്പോഴും ചിലരെങ്കിലും യാദൃശ്ചികമായി പരിചയപ്പെടുമ്പോള്‍ ചോദിക്കും കുടുബവഴക്കെല്ലാം മാറിയോയെന്ന്. വി.എസ്സിന്റെ അനാവശ്യപരാമര്‍ശം ഇപ്പോഴും ഞങ്ങളെ വേട്ടയാടുകയാണ്
ഞങ്ങളുടെ സങ്കടങ്ങളില്‍ താങ്ങാവേണ്ടിയിരുന്നവര്‍ തന്നെയാണു പരിഹ സിച്ചതും ം മുതലെടുത്തതും. ഇപ്പോഴും ചില 'ദുഷ്ടമനസ്സുകള്‍' അതു ചെയ്യുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ഉയര്‍ന്നമനസ്സുള്ളവരൊന്നുമല്ല. രാഷ്ട്രീയനേട്ടത്തിനുവേണ്ടി കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞു തകര്‍ക്കാന്‍ നോക്കുന്നതു മനുഷ്യത്വമാണോ എന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ.
അപ്പന്‍ ജയിച്ചു മന്ത്രിയായാല്‍ പിറ്റേന്നു മുതല്‍ മന്ത്രിമന്ദിരത്തില്‍ താമസിക്കാമെന്നോ മന്ത്രിമക്കളായി ജീവിക്കാമെന്നോ ഒരു കാലത്തും ഞങ്ങളാരും സ്വ്പനംകണ്ടുനടന്നിട്ടില്ല. അതു ഞങ്ങളെ അറിയുന്ന 'പഴയ പാര്‍ട്ടി'ക്കാര്‍ക്കറിയാം. അതുകാരണം, അപ്പന്റെ തെരഞ്ഞെടുപ്പു തോല്‍വികളൊന്നും ഞങ്ങളെ തകര്‍ത്തു കളഞ്ഞിട്ടില്ല.
ഒരിക്കല്‍ എന്റെ വീട്ടില്‍ വന്ന അപ്പന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്തോ ഓര്‍ത്തു ചിരിച്ചു. തിരുവനന്തപുരത്തു നിന്നു വരുന്ന വഴി കൊല്ലത്തെത്തിയപ്പോള്‍ ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറിപ്പോഴുണ്ടായ സംഭവമോര്‍ത്തു ചിരിച്ചതാണ്. ലിഫ്റ്റില്‍ കയറിപ്പോള്‍ ചെറുപ്പക്കാരന്‍ 'അങ്കിള്‍' എന്നു വിളിച്ചു പരിചയപ്പെട്ടു. അയാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഞങ്ങളുടെ ഒരു ബന്ധുവിന്റെ ബാച്ച്‌മേറ്റാണ്.
തനിക്കന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന പദവിയുള്ളതിനാലാണ് അദ്ദേഹം 'അങ്കിള്‍' വിളിയുമായി സ്‌നേഹം പ്രകടിപ്പിച്ചതെന്നോര്‍ത്താണ് അപ്പന്‍ ചിരിച്ചുപോയത്. ഇതങ്ങു പോയാല്‍ അയാളും അതുപോലുള്ളവരും തിരിഞ്ഞുനോക്കില്ലെന്നു അപ്പന്‍ പറഞ്ഞു. കാലം കാത്തുവച്ചിരുന്നു അപ്പന്റെ വാക്കുകള്‍ സത്യമാവാന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം പാലക്കാട് സമ്മേളനത്തില്‍ അപ്പനും മറ്റു ചിലരും വെട്ടിനിരത്തപ്പെട്ടു. ചിലരാല്‍ സ്ഥാനങ്ങളില്ലാതായി.
ആയിടെ ലോ കോളജിലെ എന്റെ സീനിയറും എന്റെ നേരെ മൂത്തസഹോദരന്റെ സഹപാഠിയുമായിരുന്ന ഒരു അഭിഭാഷക കുറേയെറെ പേരുടെ മുന്നില്‍വച്ച് എന്നോടു വളരെയേറെ ഉത്സാഹത്തില്‍ ചോദിച്ചു: 'അപ്പന്‍ ഇപ്പോള്‍ വീട്ടിലിരിപ്പാണല്ലേ'യെന്ന്. ഒരു സെക്കന്റുപോലും എടുക്കാതെ ഞാന്‍ മറുപടി നല്‍കി, 'ഞങ്ങള്‍ ഇപ്പോഴും അപ്പനെന്ന് തന്നെയാണു വിളിക്കുന്ന'തെന്ന്.
അപ്പന്റെ സ്ഥാനമാറ്റങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. മറ്റുള്ളവരുടെ മനോഭാവത്തിലാണു മാറ്റംവന്നത്. സ്ഥാനമാനങ്ങള്‍ വരുമ്പോള്‍ വേലിയേറ്റം പോലെ കയറിവന്നവര്‍ വേലിയിറക്കത്തില്‍ ഇറങ്ങിപ്പോയി. അത്രയേ ഞങ്ങളും കരുതിയിട്ടുള്ളൂ.
അപ്പന്റെ സ്ഥാനങ്ങള്‍ അപ്പനെ ബാധിച്ചിട്ടില്ല. പിന്നെങ്ങനെ ഞങ്ങളെ ബാധിക്കും. അപ്പന്റെ തലമുറയിലുള്ളവര്‍ പദവികള്‍ മോഹിച്ചു രാഷ്ട്രീയത്തിലിറങ്ങിയവരല്ല.
ഇന്നു പാര്‍ട്ടിക്കുവേണ്ടി കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും പ്രതിയാക്കപ്പെടുന്നവരുമെല്ലാം സാധാരണക്കാരായ ചെറുപ്പക്കാരാണ്. ഉത്തരവു നല്‍കുന്നതു വലിയ വലിയ ആള്‍ക്കാരും. എതിര്‍പാര്‍ട്ടിക്കാരനെ ഇല്ലാതാക്കിയാണോ ജയിക്കേണ്ടത്. ജീവനെടുക്കുവാന്‍ ആര്‍ക്കാണധികാരം. എന്തുകൊണ്ട് ഇവര്‍ അമ്മമാരെ കരയിപ്പിക്കുന്നു.
രാഷ്ട്രീയകൊലപാതകങ്ങളില്‍ എപ്പോഴും ആരോപണവിധേയര്‍ സി.പി.എമ്മുകാരാണ്. കൊല്ലപ്പെടുന്നതു ലീഗുകാരായാലും ബി.ജെ.പിക്കാരായാലും കോണ്‍ഗ്രസുകാരായാലും പ്രതിസ്ഥാനത്തു സി.പി.എമ്മുകാരാണ്. എന്താണു പാര്‍ട്ടി ഇതുകൊണ്ടു നേടുന്നത്. വോട്ടോ അംഗത്വമോ കണ്ണീരോ.
ഈ ചെറുപ്പക്കാര്‍ എന്താണു തിരിച്ചറിയാത്തത് അവര്‍ വിഡ്ഢികളാക്കപ്പെടുകയാണെന്ന്, അവരുടെ ജീവിതം അവിടെ തീരുകയാണെന്ന്, ക്വട്ടേഷന്‍ അംഗമായി ഒതുക്കപ്പെടുമെന്ന്, ഭാവിയില്‍ പാര്‍ട്ടി സെക്രട്ടറി. എം.എല്‍.എ, എം.പി, മന്ത്രി പദവികളൊന്നും തങ്ങളെത്തേടി വരില്ലെന്ന്. അവരും കുടുംബാംഗങ്ങളും പാര്‍ട്ടി കരങ്ങളില്‍ സുരക്ഷിതരായിരിക്കാം, പക്ഷേ ജീവിതഗതി മുന്നോട്ടായിരിക്കില്ല. ക്വട്ടേഷന്‍ നല്‍കിയവര്‍ തന്നെ പിന്നീട് ഒരു മടിയും കൂടാതെ പറയും. 'നീ ഇരുട്ടത്ത് നില്‍ക്കേണ്ടവനാണെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."