സഊദിയില്‍ പൊടിക്കാറ്റ്: കര, വ്യോമ, നാവിക ഗതാഗതത്തെ ബാധിച്ചു
റിയാദ്: സഊദിയില്‍ രണ്ടുദിവസമായി തുടരുന്ന പൊടിക്കാറ്റ് കര, വ്യോമ, നാവിക ഗതാഗതത്തെ ബാധിച്ചു. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറവായതിനാല്‍ പലയിടത്തും കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഹായിലില്‍ നിന്ന് റിയാദ്, തബൂക്ക്, അറാര്‍, അല്‍ജൗഫ് , മദീന എന്നിവിടങ്ങളിലേക്കുള്ള മുഴുവന്‍ വിമാന സര്‍വിസുകളും റദ്ദാക്കി. പലയിടങ്ങളിലും വിമാന സര്‍വിസുകള്‍ താളംതെറ്റിയാണ് യാത്ര തുടര്‍ന്നത്. ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള എക്സ്പ്രപ്രസ് വേയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്.
വ്യാഴാഴ്ച മുതല്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നും കനത്ത പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്ക്കുകീഴില് ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."