സന്തോഷ് ട്രോഫി: എതിരാളികള്‍ ബംഗാള്‍ കേരളം ഫൈനലില്‍
മിസോറമിനെ കീഴടക്കി കേരളം സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. വി.കെ അഫ്ദല്‍ നേടിയ ഏക ഗോളിന് സെമി ഫൈനലില്‍ മിസോറം കേരളത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. മറ്റൊരു സെമി പോരാട്ടത്തില്‍ 2-0 ത്തിന് കര്‍ണാടകയെ കീഴടക്കി ആതിഥേയരായ ബംഗാളും ഫൈനലില്‍ എത്തി. നിലവിലെ ജേതാക്കളാണ് ബംഗാള്‍. 24 വര്‍ഷത്തിന് ശേഷമാണ് ഫൈനലില്‍ കേരളം- ബംഗാള്‍ പോരാട്ടം. കളിയുടെ 54ാം മിനുട്ടിലായിരുന്നു മുന്നേറ്റ താരം വി.കെ അഫ്ദലിന്റെ വിജയ ഗോള്‍. പകരക്കാരനായി ഇറങ്ങിയ അഫ്ദല്‍ സമ്മാനിച്ച ഗോളില്‍ കേരളം തോല്‍വി അറിയാതെയാണ് 72 ാമത് സന്തോഷ് ട്രോഫിയുടെ കലാശപ്പോരിന് അര്‍ഹത നേടിയത്. അഞ്ച് തവണ സന്തോഷ് ട്രോഫി കിരീടം നേടിയ കേരളത്തിന്റെ 14ാമത്തെ ഫൈനല്‍ പ്രവേശനമാണിത്. അവസാനമായി 2012 ല്‍ ആണ് കേരളം ഫൈനല്‍ കളിച്ചത്.
കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ മൈതാനത്ത് നടന്ന കളിയുടെ പൂര്‍ണ സമയത്തും വടക്കുകിഴക്കന്‍ ശക്തികളായ മിസോറമിനായിരുന്നു ആധിപത്യം. പരുക്കേല്‍പ്പിക്കുന്ന രീതിയില്‍ കേരള താരങ്ങളെ ആക്രമിച്ചു കളിച്ച മിസോറം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പന്ത് നിയന്ത്രണത്തില്‍ വയ്ക്കുന്നതില്‍ മുന്നിട്ടു നിന്നു. ക്രൂരമായ ആക്രമണത്തിന് വിധേയനായ കേരളത്തിന്റെ മുന്നേറ്റ താരം പി.സി അനുരാഗിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആറ് മിനുട്ടോളം കളിക്കളത്തില്‍ പരുക്കേറ്റ് കിടന്ന അനുരാഗിന് ശുശ്രൂഷ നല്‍കാന്‍ പോലും അനുവദിക്കാതെ റഫറി കളി തുടര്‍ന്നു. നെഞ്ചിന് ഗുരുതരമായി പരുക്കേറ്റ അനുരാഗിനെ സ്‌ട്രെക്ചറില്‍ എടുത്താണ് പുറത്തേക്ക് കൊണ്ടു പോയത്.
ആദ്യ പകുതിയില്‍ മിസോറമിനെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ പ്രതിരോധത്തിലാണ് കേരളം കളിച്ചത്. രണ്ടാം പകുതിയില്‍ തന്ത്രം മാറ്റിയ കേരളം തിരിച്ചടിച്ചു. ആക്രമണ ഫുട്‌ബോളുമായി രംഗത്തിറങ്ങിയ കേരള താരങ്ങള്‍ കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. പ്രത്യാക്രമണത്തിലൂടെ 54ാം മിനുട്ടിലായിരുന്നു കേരളത്തിന്റെ വിജയ ഗോള്‍ പിറന്നത്. ഒരു ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാന്‍ മിസോറം ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി കേരളം പിടിച്ചു നിന്നു.
1973ല്‍ ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തിലാണ് ആദ്യമായി കേരളം കിരീടം ചൂടിയത്. പിന്നീട് നാല് തവണ കൂടി സന്തോഷ് ട്രോഫിയില്‍ കേരളം ജേതാക്കളായി. 2004 ഒക്ടോബര്‍ 31ന് പഞ്ചാബിനെ കീഴടക്കിയായിരുന്നു കേരളത്തിന്റെ അവസാന കിരീട നേട്ടം. 2012-13ല്‍ ഫൈനലിലെത്താന്‍ കേരളത്തിന് സാധിച്ചെങ്കിലും അന്ന് സര്‍വിസസിനോട് പരാജയപ്പെട്ടു. സാള്‍ട്ട്‌ലേക്കിലെ വിവേകാനന്ദ യുബ ഭാരതി ക്രീഡനില്‍ നാളെ ഉച്ച കഴിഞ്ഞ് 2.30നാണ് ഫൈനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."