കുങ്കിച്ചിറ, മ്യൂസിയം നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍
മമാനന്തവാടി: തൊണ്ടര്‍നാട്ടെ കുങ്കിച്ചിറയുടെയും ചരിത്രമ്യൂസിയത്തിന്റെയും നവീകരണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തില്‍. കേരള മ്യൂസിയം മൃഗശാലാവകുപ്പാണ് ആറര കോടിയോളം രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. ഏതാനും മാസത്തിനകം പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
സ്ഥലം എം.എല്‍.എ കൂടിയായിരുന്ന മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി മുന്‍കൈയ്യെടുത്ത് തൊണ്ടര്‍നാട് കുഞ്ഞോം കുങ്കിച്ചിറയെ ചരിത്ര പഠിതാക്കള്‍ക്ക് പ്രയോജന പ്രദമാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ പരിപൂര്‍ണ്ണതയിലെത്തുന്നത്. സംരക്ഷിക്കപ്പെടാതെ നശിച്ചു കൊണ്ടിരുന്ന കുങ്കിച്ചിറ നവീകരിച്ച് സംരക്ഷിക്കുകയും ഇതിനോടനുബന്ധിച്ച് ചരിത്ര മ്യൂസിയം സ്ഥാപിക്കുകയും വനത്തിനോട് ചേര്‍ന്ന് മാന്‍പാര്‍ക്ക് സ്ഥാപിക്കുയുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വനം വകുപ്പ് സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് മാന്‍പാര്‍ക്ക് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. റവന്യു വകുപ്പിന്റെ കൈ വശമുണ്ടായിരുന്ന ഒന്‍പത് ഏക്കര്‍ സ്ഥലം വിട്ടു നല്‍കിയാണ് ചരിത്രമ്യൂസിയത്തിനായി കെട്ടിടം നിര്‍മിച്ചത്. മ്യുസിയത്തിനോടൊപ്പം റിസര്‍ച്ച് സെന്ററും തുടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് 4.80 കോടി രൂപാ ചിലവില്‍ നിര്‍മാണം നടത്തിയത്. ചരിത്രാന്വേഷികള്‍ക്ക് പ്രയോജന പ്രദമാകും വിധത്തിലായിരിക്കും പൈതൃകങ്ങളും ചരിത്രശേഷിപ്പുകളും പ്രദര്‍ശനത്തിനെത്തിച്ച് മ്യൂസിയം ഒരുക്കുക.
പഴശ്ശി സംഘത്തിലെ യോദ്ധാവായിരുന്ന എടച്ചന കുങ്കന്റെ സഹോദരി കുങ്കി കുളിച്ചതായി ചില ചരിത്രങ്ങളില്‍ പറയപ്പെടുന്ന ചിറയാണ് കുഞ്ഞോം കുങ്കിച്ചിറ. എന്നാല്‍ കുങ്കിയുടെ ജീവിതകാലത്തിന് നാല് നൂറ്റാണ്ട് മുമ്പ് ചിറയുള്ളതായും ഇത് സംബന്ധിച്ച സൂചനകള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചില ചരിത്ര രചനകളിലുള്ളതായും കൊടമല വാണ കുടക് വംശജരുടെ താവളമായിരുന്നു പ്രദേശമെന്നും മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന കുങ്കിച്ചിറ ഏതു കാലാവസ്ഥയിലും നിറഞ്ഞ് നില്‍ക്കുന്ന ജല സഞ്ചയമാണ്. ഇത് നവീകരണത്തിനായി ഒന്നരക്കോടി രൂപയാണ് ചിലവഴിക്കുന്നത്.
ചിറക്ക് ചുറ്റും സംരക്ഷണ ഭിത്തികള്‍കെട്ടുകയും നടുവിലായി ഓലക്കുട ചൂടിയ സ്ത്രീയുടെ ശില്‍പം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചിറയോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള പാര്‍ക്കും പൂന്തോട്ടവും നിര്‍മിക്കും.
ഇതോടെ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മറ്റോരുതാവളം കൂടി ലഭ്യമാവും. ചരിത്രമ്യൂസിയം അടുത്തമാസവും കുങ്കിച്ചിറ പണിപൂര്‍ത്തിയാവുന്ന മുറക്കും തുറന്നുകൊടുക്കാനാണ് നീക്കങ്ങള്‍ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."