ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയും ഇടതുപക്ഷവും മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അവഹേളിക്കുന്നു: കൊടിക്കുന്നില്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാനെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ചെങ്ങന്നൂരിലെ ജനങ്ങളുടെ മുന്നില്‍ വിലപോകില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ചെങ്ങന്നൂരിലെ ഭൂരിപക്ഷമാളുകളും മദ്യപാനികളാണെന്ന സി.പി.ഐ നേതാവ് പി.രാജുവിന്റെ പ്രസ്താവന ഉടനടി പിന്‍വലിച്ച് ചെങ്ങന്നൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിലെ വോട്ടര്‍മാരെ ബി.ജെ.പിയും ഇടതുപക്ഷവും പരസ്പരം മത്സരിച്ച് അവഹേളിക്കുന്നത് ഇവിടുത്തെ വോട്ടര്‍മാര്‍ പൊറുക്കില്ലായെന്നും ഇവര്‍ക്ക് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ആരോപണ വിധേയനുമായ എം.ടി രമേശ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ,.ഡി,വിജയകുമാറിനെതിരെ നടത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പരാജയം മുന്നില്‍ കണ്ടു കൊണ്ടുള്ള വിലാപം മാത്രമാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ബി.ജെ.പി ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ ഫാസിസം ചെങ്ങന്നൂരിന്റെ മണ്ണില്‍ ഈ തെരഞ്ഞെടുപ്പില്‍ വിലപോകില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി നേതൃത്വം വിജയകുമാറിനെ ഇകഴ്ത്തി കാണിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
അഡ്വ.വിജയകുമാര്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി എന്ന പരിഗണന പോലും നല്‍കാതെ പരസ്യമായി ആക്ഷേപിക്കുന്നതിന് ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും എം.പി പറഞ്ഞു. അഡ്വ,ഡി.വിജയകുമാര്‍ എന്ന പൊതു പ്രവര്‍ത്തകനെ നന്നായി അറിയാവുന്ന ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ എം.ടി രമേശിന്റെ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളക്കളയുകയും ഡി.വിജയകുമാറിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ സഹായമാകുകയും ചെയ്യുമെന്നും എം.പി പറഞ്ഞു.
ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും മറ്റ് സാമൂഹ്യ വിപത്തുകളെ കുറിച്ചും നന്നായി അറിയാവുന്നവരാണ്. അതു കൊണ്ട് തന്നെ കേരളത്തിന്റെ മറ്റ് ഏത് പ്രദേശത്തെക്കാളും മദ്യത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം നടക്കുന്ന ചെങ്ങന്നൂരിലെ പൊതു ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് വിവരമില്ലായ്മയുടെ അടിസ്ഥാനത്തിലാണ്.
ഈ നേതാവിന്റെ അഭിപ്രായത്തെ കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി പറയണം.എല്‍.ഡി.എഫ് നേതൃത്വവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.ഐ നേതാവ് പി.രാജുവിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."