സാക്കിര്‍ നായിക്കിനെ വിട്ടുതരണമെന്ന് മലേഷ്യയോട് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ കേസുകളില്‍ വിചാരണനേരിടുന്ന പ്രമുഖ മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ഇന്ത്യ.
നായിക്കിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മലേഷ്യക്ക് ഔദ്യോഗികമായി കത്തയച്ചതായി മലേഷ്യന്‍ ദിനപത്രം റിപ്പോര്‍ട്ട്‌ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന ആരോപണമാണ് നായിക്ക് നേരിടുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹത്തിനെതിരേ എടുത്ത കേസില്‍ തെളിവുകള്‍ ശേഖരിക്കല്‍, കുറ്റപത്രം തയാറാക്കല്‍ അടക്കമുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ സഹിതമാണ് വിദേശകാര്യ മന്ത്രാലയം അപേക്ഷ നല്‍കിയത്. ഇതോടൊപ്പം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വീഡിയോകളും ഉണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അപേക്ഷ ഉടന്‍ ക്വാലാലാംപൂരിലെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ സാക്കിര്‍ നായിക്കിനെ വിട്ടുതരാന്‍ തയാറാണെന്ന് നവംബറില്‍ മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞിരുന്നു. സാക്കിര്‍ നായിക്ക് ഇതുവരെയും മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്്‌ലിം മത വിഭാഗങ്ങളിലെ വിശ്വാസങ്ങളെ മനപ്പൂര്‍വം വൃണപ്പെടുത്തിയെന്നും സാക്കിര്‍ നായിക്കിന്റെ പല പ്രസംഗങ്ങളും യുവാക്കളെ ഐ.എസില്‍ ചേരാന്‍ പ്രചോദിപ്പിച്ചെന്നുമാണ് 2017 ഒക്ടോബറില്‍ എന്‍.ഐ.എ തയാറാക്കിയ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. യു.എ.പി.എ അടക്കമുള്ള നിരവധി വകുപ്പുകളും അദ്ദേഹത്തിനെതിരേ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."