കലയുടെ ശ്രീകോവിലില്‍ മഞ്ജുവാര്യരെത്തി
ചെറുതുരുത്തി: കലയുടെ രംഗഭൂമിയില്‍ മഞ്ജു വാര്യരെത്തി . 2016ലെ എം.കെ.കെ നായര്‍ പുരസ്‌കാരം സ്വീകരിക്കാനായിരുന്നു അഭിനേത്രി എന്നതിനപ്പുറം മികച്ച നര്‍ത്തകി കൂടിയായ മഞ്ജു വാര്യര്‍ കലാമണ്ഡലത്തിലെത്തിയത്.
ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ കാല്‍ ചിലങ്കയണിഞ്ഞു തന്റെ നൃത്തനാട്യ മികവു ആസ്വാദകരിലെത്തിച്ച മഞ്ജു വാര്യര്‍ 2015ല്‍ കൂത്തമ്പലത്തിലും തന്റെ നൃത്തചുവടുകളുടെ ചടുലത കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിയ്ക്കാന്‍ എത്തിയിരുന്നു.
കലാമണ്ഡലത്തില്‍ പഠിക്കാന്‍ കഴിയാതെ പോയതു തന്റെ സ്വകാര്യ ദു:ഖമാണെന്നു മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. കലാ രംഗത്തും ഒപ്പം മറ്റു മേഖലകളിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണു എം.കെ.കെ നായര്‍ പുരസ്‌കാരം.
കലാമണ്ഡലം കൂത്തമ്പലത്തില്‍ ഓരോ തവണയെത്തുമ്പോഴും അദൃശ്യമായൊരു ദൈവീക സാന്നിധ്യം ഇവിടെയുള്ളതായാണു തനിക്കനുഭവപ്പെടുന്നതെന്നും ജീവിതം കലാ പ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കണമെന്നാണു ആഗ്രഹമെന്നും മഞ്ജു പറഞ്ഞു. ഡോ. പി.കെ ബിജു എം.പി പുരസ്‌ക്കാര സമര്‍പ്പണം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍ അധ്യക്ഷനായി.
യു.ആര്‍ പ്രദീപ് എം.എല്‍.എ മുഖ്യാതിഥിയായി. ഭരണ സമിതിയംഗം ടി.കെ വാസു , എന്‍.ആര്‍ ഗ്രാമ പ്രകാശ്, റജിസ്ട്രാര്‍ ഡോ: കെ.കെ സുന്ദരേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."