കെ.എസ്.ആര്‍.ടി.സി നവീകരണം: സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം സംബന്ധിച്ച് പ്രൊഫ.സുശീല്‍ഖന്ന സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും പലതിലും നയപരമായ തീരുമാനം വേണ്ടതും തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പുമാണ് സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍നിന്നു പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും ഈ നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയെ ചെലവുകുറച്ച് ലാഭത്തിലാക്കുകയും നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ഐ.ഐ.എമ്മിലെ മാനേജ്‌മെന്റ് വിദഗ്ധന്‍ പ്രൊഫ.സുശീല്‍ഖന്നയെ ചുമതലപ്പെടുത്തിയത്. അദ്ദേഹം സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കി വരികയായിരുന്നു. സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ ഒഴികെയുള്ള സംഘടനകള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
സുശീല്‍ഖന്നയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതില്ലന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടുണ്ടെങ്കിലും അതിന്റെ ചുവടുപിടിച്ചുള്ള ചില പരിഷ്‌കാരങ്ങളും നടപ്പിലാക്കുകയും ചിലവ പാതിവഴിയിലുമാണ്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നീക്കം സുശീല്‍ഖന്നയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്ന നിര്‍ദേശമായിരുന്നു. ബസുകളും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, മൂന്ന് സോണുകളായി തിരിക്കുക, പ്രൊഫഷണലുകളെ ഭരണത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരിക, കാര്യക്ഷമത ദേശീയ ശരാശരിയിലേക്കെത്തിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ളവയോട് ശക്തമായ പ്രതിഷേധം യുവജന സംഘടനകളില്‍നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നിരുന്നു.
നേരത്തെ, സുശീല്‍ ഖന്നയുടെ ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കാന്‍ സാമ്പത്തിക, ഭരണ ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. അനില്‍കുമാറിനെ എം.ഡി എ. ഹേമചന്ദ്രന്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ രൂപരേഖ ലഭ്യമായതിനുശേഷം സര്‍ക്കാരിനു സമര്‍പ്പിച്ച് അനുമതി തേടിയശേഷം നടപടിയെടുക്കുമെന്നും അന്ന് എം.ഡിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതുതന്നെ സര്‍ക്കാര്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍നിന്നു പിന്നോട്ടുപോകുന്നതിന്റെ സൂചനയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."