നയതന്ത്രജ്ഞരെ പുറത്താക്കിയ റഷ്യന്‍ നടപടി തിരിച്ചടിക്കുമെന്ന സൂചനയുമായി ബ്രിട്ടന്‍
മോസ്‌കോ: കൂടുതല്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ റഷ്യന്‍ നടപടിക്കെതിരേ തിരിച്ചടിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. 27 റഷ്യന്‍ നയതന്ത്രജ്ഞരെ കൂടി ലണ്ടനില്‍നിന്ന് പുറത്താക്കാനാണു ബ്രിട്ടിന്റെ നീക്കം. കഴിഞ്ഞ ദിവസം 27 ബ്രിട്ടീഷ് നയതന്ത്രജ്ഞരോട് ഉടന്‍ നാടുവിടാന്‍ റഷ്യ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആതിഥ്യത്തില്‍നിന്ന് തങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സകറോവയാണ് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആരോപണം ഉന്നയിച്ചത്. റഷ്യ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്നത് 1936ല്‍ നാസി ജര്‍മനി ഒളിംപിക്‌സിന് ആതിഥ്യമരുളിയ പോലെയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ ആരോപിച്ചിരുന്നു.
ലോകകപ്പ് മത്സരം റഷ്യയില്‍നിന്ന് മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ മത്സരത്തിന്റെ തിയതി നീട്ടുകയോ വേണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് റഷ്യന്‍ മന്ത്രിയുടെ പ്രതികരണം. അടുത്ത ജൂണില്‍ റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.
മത്സരം ഇംഗ്ലണ്ട് ടീം ബഹിഷ്‌കരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ടീമിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ബ്രിട്ടനിലേക്കു യാത്രപോകുന്ന പൗരന്മാര്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍വിരുദ്ധ വികാരം പൊതുവെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലേക്കു പോയാല്‍ ഇരയാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
14 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി റഷ്യ ലണ്ടന്‍ എംബസി അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്. എംബസി അധികൃതര്‍ ഇതു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചു. മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയ്ക്കും നേരെയുണ്ടായ വിഷ രാസപ്രയോഗത്തെ തുടര്‍ന്നായിരുന്നു പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും കാണാന്‍ മോസ്‌കോയില്‍നിന്നുള്ള ദൗത്യസംഘത്തിന് അനുവാദം നല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."