വേനലവധിയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക്
മലപ്പുറം: മധ്യവേനലവധിക്കാലത്ത് സംസ്ഥാതത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക്. മുഴുവന്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് എല്‍.പി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ ക്ലാസ് നടത്താന്‍ പാടില്ല.
മാര്‍ച്ച് 28ന് പരീക്ഷകള്‍ അവസാനിപ്പിച്ച് 31ഓടെ സ്‌കൂളുകള്‍ മധ്യവേനലവധിയില്‍ പ്രവേശിക്കണമെന്നായിരുന്നു ക്യു.ഐ.പി യോഗത്തിലെ തീരുമാനം.
സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ തുടങ്ങിയ ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തരുതെന്നാണ് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മികച്ച റിസല്‍ട്ട് ഉണ്ടാക്കാനെന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നാമമാത്ര അവധി നല്‍കി ആഴ്ചകള്‍ക്കകം പുതിയ അധ്യയനം തുടങ്ങുമെന്ന് പല സ്‌കൂളുകളും വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിനെതിരേ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും സംസ്ഥാന ബാലാവകാശ കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.അവധി ദിനങ്ങളിലും പഠനപ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വിഘാതമാവുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടും ജലക്ഷാമവും കുട്ടികളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ച് വീണ്ടും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇത്തവണ തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റിന്റെ പൊതുനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും.
അതേസമയം മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും കര്‍ശന മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്. ക്യാംപ് നടത്തുന്ന സ്‌കൂള്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. ഒരു മധ്യവേനലവധിക്കാലത്ത് പരമാവധി ഏഴുദിവസംമാത്രമാണ് പ്രവര്‍ത്തനാനുമതി. അതത് പ്രദേശത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കാനും അതത് മേഖലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."