മിച്ചഭൂമി അട്ടിമറി; സി.പി.ഐ പ്രതിരോധത്തില്‍
തിരുവനന്തപുരം: വയനാട്ടില്‍ റവന്യൂ ഭൂമി തരംമാറ്റാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഒത്താശ ചെയ്‌തെന്ന ആരോപണത്തില്‍ സി.പി.ഐ പ്രതിരോധത്തില്‍. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനെതിരേ കടുത്ത നിലപാടെടുത്ത പാര്‍ട്ടി ഈ സംഭവത്തിന്റെ പേരില്‍ പ്രതിസന്ധിയിലായി. മൂന്നാറില്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന കൈയേറ്റത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച സി.പി.ഐ വയനാട് സംഭവത്തില്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്.
ഡെപ്യൂട്ടി കലക്ടറുടെയും സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയുടെയും നേതൃത്വത്തില്‍ വയനാട്ടിലെ കോട്ടത്തറ വില്ലേജിലെ നാലരയേക്കര്‍ മിച്ചഭൂമി റിസോര്‍ട്ടുകാര്‍ക്ക് തരപ്പെടുത്തിക്കൊടുക്കാനാണ് ശ്രമം നടന്നത്.
ഭൂമി വില്‍ക്കുന്നതിനു വേണ്ടി ഡെപ്യൂട്ടി കലക്ടര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ ഒളികാമറയില്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു. കൈയേറ്റത്തിനെതിരേയും അഴിമതിക്കെതിരേയും വ്യതിചലിക്കാതെ നിലപാടെടുത്തിരുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ ആരോപണവിധേയനായത് സി.പി.ഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭൂസംരക്ഷകരെന്നും അഴിമതിവിരുദ്ധരെന്നും സ്വയം പ്രഖ്യാപിച്ചു നടന്ന പാര്‍ട്ടി ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്.
മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ സി.പി.എം - സി.പി.ഐ തര്‍ക്കം രൂക്ഷമായിരുന്നു. കൈയേറ്റം ഒഴിപ്പിക്കലില്‍ പലപ്പോഴും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനും രാഷ്ട്രീയ മുതലെടുപ്പിനും സി.പി.ഐക്കായി. വിവാദമായ ലവ് ഡെയ്ല്‍ റിസോര്‍ട്ട് കഴിഞ്ഞ ദിവസം ഏറ്റെടുത്തത് സി.പി.എമ്മിനു തിരിച്ചടിയായിരുന്നു. ലവ് ഡെയ്ല്‍ റിസോര്‍ട്ടിന്റെ ഭൂമികൈയേറ്റം സബ്കലക്ടറുടെ നോട്ടിസ് പ്രകാരം സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടപടി തുടങ്ങിയപ്പോഴാണ് മന്ത്രി എം.എം മണി ഇതിനെതിരേ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ഇതേത്തുടര്‍ന്ന് സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലംമാറ്റുന്ന സംഭവം വരെയുണ്ടായി. ഒടുവില്‍ ലവ് ഡെയ്ല്‍ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള ഭൂമി ഏറ്റെടുക്കാന്‍ രണ്ടു മാസം മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ലവ് ഡെയ്ല്‍ റിസോര്‍ട്ടിന്റെ ഭൂമികൈയേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പിന്റെയും മന്ത്രി ചന്ദ്രശേഖരന്റെയും നീക്കം വിജയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വരെ കൈയേറ്റ വിഷയത്തില്‍ സി.പി.ഐയുടെ നിലപാട് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വയനാട് വിഷയത്തോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. സംഭവത്തില്‍ സി.പി.ഐയ്ക്ക് പങ്കുണ്ടെന്ന് വാര്‍ത്തകളില്‍ വ്യക്തമായ സാഹചര്യത്തില്‍ ശക്തമായ നിലപാടായിരിക്കും സി.പി.എം സ്വീകരിക്കുക. മൂന്നാറില്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും എങ്ങനെയാണ് സി.പി.ഐ സമ്മര്‍ദത്തിലാക്കിയത്, അതേരീതിയില്‍ സി.പി.എം തിരിച്ചടിക്കുമെന്നാണ് സൂചന. സി.പി.ഐയ്‌ക്കെതിരേ വീണുകിട്ടിയ അവസരം നല്ലരീതിയില്‍ വിനിയോഗിക്കാന്‍ വരുംദിനങ്ങളില്‍ സി.പി.എം ശ്രമിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."