'ഡ്രീമേഴ്സി'നു തിരിച്ചടി; ഡാക്കാ പദ്ധതി നിര്‍ത്തലാക്കുന്നുവെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ 'ഡ്രീമേഴ്സ് ' വിഭാഗത്തിനു തിരച്ചടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.
ദശലക്ഷക്കണക്കിനു വരുന്ന യുവ കുടിയേറ്റക്കാര്‍ക്കു സംരക്ഷണം നല്കുന്ന ഡാക്ക(ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്) എന്ന പദ്ധതി അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചു. ഇത്തരക്കാരുടെ കുടിയേറ്റം നിയമസാധുതയുള്ളതാക്കാന്‍ ഒരു കരാറും നിലനില്‍ക്കുന്നില്ലെന്നും യു.എസ്-മെക്സിക്കോ അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഈസ്റ്റര്‍ ആശംസയര്‍പ്പിച്ച ട്വീറ്റിനു പിറകെയാണു രാജ്യത്തെ ദശലക്ഷക്കണക്കിനു യുവജനങ്ങളില്‍ നിരാശ പടര്‍ത്തി ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. കുട്ടികളായി മാതാപിതാക്കളോടൊപ്പം അമേരിക്കയിലെത്തിയ കുടിയേറ്റക്കാരുടെ യുവതലമുറയെ ഉദ്ദേശിച്ചാണു പുതിയ നടപടി വരുന്നത്. ഇവര്‍ 'ഡ്രീമേഴ്സ് ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരെ സംരക്ഷിക്കാനായി ബരാക് ഒബാമാ സര്‍ക്കാരാണ് ഡാക്കാ നിയമം കൊണ്ടുവന്നത്.
'കുടിയേറ്റക്കാര്‍ വന്നുകൊണ്ടിരിക്കുകയാണ്. ഡാക്കാ കരാര്‍ ഇനിയും അനുവദിച്ചുകൂടാ. ഇതു റദ്ദാക്കിക്കൊണ്ടുള്ള നടപടിയിലേക്ക് ഉടന്‍ തന്നെ റിപബ്ലിക്കന്‍ അംഗങ്ങള്‍ നീങ്ങേണ്ടതുണ്ട്.'-ട്വീറ്റിലൂടെ ട്രംപ് ആവശ്യപ്പെട്ടു. മെക്സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷാ ജീവനക്കാരെ അവരുടെ ജോലി നിര്‍വഹിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റ പ്രവാഹം തടഞ്ഞില്ലെങ്കില്‍ മെക്സിക്കോയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. മെക്സിക്കോയും കാനഡയുമായി ചേര്‍ന്ന് ആരംഭിച്ച നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് കരാറില്‍നിന്നു പിന്മാറുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."