സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് അധിക ചുമതല: പാസ്‌പോര്‍ട്ട് ഓഫിസ് വീണ്ടും പൂട്ടി!
സി.പി സുബൈര്‍
മലപ്പുറം: ഒരു തവണ പൂട്ടിത്തുറന്നു പേരിനു മാത്രം പ്രവര്‍ത്തിച്ച മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് വീണ്ടും പൂട്ടി. പ്രവര്‍ത്തനം അവസാപ്പിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് മരവിപ്പിച്ച കാലാവധി അവസാനിച്ചതോടെയാണ് ഓഫിസ് പൂട്ടിയത്. പകരമായി സേവാ കേന്ദ്രത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിന്റെ ചുമതലയുള്ള ഗ്രിവന്‍സ് ഓഫിസര്‍ക്ക് അധിക ചുമതല നല്‍കി.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടി കോഴിക്കോട് ഓഫിസില്‍ ലയിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. കഴിഞ്ഞ നവംബര്‍ 30നകം പൂട്ടണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെയും വിവിധ സംഘടനകളുടെയും ഇടപെടല്‍മൂലം കഴിഞ്ഞ ഡിസംബര്‍ ആദ്യം ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്നു കെട്ടിടത്തിന്റെ വാടകക്കരാര്‍ മൂന്നു മാസത്തേക്കു നീട്ടുകയും ചെയ്തു. ഇതിനിടെ ഓഫിസിലെ മുഴുവന്‍ സാമഗ്രികളും കോഴിക്കോട്ടേക്കു മാറ്റി.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ഓഫിസിനു മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സ്ഥലം കണ്ടെത്താനാകുമെന്നും കെട്ടിടം ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ചുനല്‍കാമെന്നും എം.പിയും മുസ്‌ലിം യൂത്ത് ലീഗും വാഗ്ദാനം നല്‍കിയിരുന്നു. പൂട്ടാനുള്ള തീരുമാനത്തിനെതിരേ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കുകയും ചെയ്തു.
ഇതിനെ മറികടക്കുന്നതിനാണ് ഓഫിസ് പൂട്ടാനുള്ള നീക്കം മരവിപ്പിച്ചത്. പൂട്ടിത്തുറന്നതോടെ ഓഫിസ് പേരിനു മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആകെ ഒരു ജീവനക്കാരനാണുണ്ടായിരുന്നത്. കോയമ്പത്തൂര്‍ പാസ്‌പോര്‍ട്ട് ഓഫിസറുടെ ചുമതലയുള്ള ജി. ശിവകുമാര്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം മലപ്പുറത്തെത്തും. 49 പേര്‍ ജോലി ചെയ്തിരുന്ന ഓഫിസില്‍ 45 പേരാണ് അവസാന സമയത്തുണ്ടായിരുന്നത്. ഇവരില്‍ 19 പേര്‍ സേവാ കേന്ദ്രത്തിലാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.
2006 ഓഗസ്റ്റ് 28നാണ് മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫിസ് സ്ഥാപിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളതും പാസ്‌പോര്‍ട്ട് വിതരണം ചെയ്യുതും മലപ്പുറത്തുനിന്നാണ്. ദിനംപ്രതി ആയിരത്തി ഇരുനൂറോളം അപേക്ഷകളാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതു ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഇതുകൊണ്ടുതന്നെ മലപ്പുറം ജില്ലയ്ക്കു മാത്രമായാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."