ടിക്കറ്റ് ഒ.കെ; പക്ഷേ പറക്കാന്‍ പറ്റില്ല...
കൊണ്ടോട്ടി: ടിക്കറ്റ് ശരിയായിട്ടും വിമാനത്തില്‍ സീറ്റില്ലാതെ തിരിച്ചയച്ച ഏഴുപേരുടെ യാത്ര മുടങ്ങി.
കരിപ്പൂരില്‍നിന്ന് മസ്‌ക്കത്ത് വഴി ജിദ്ദയിലേക്കു പോകാനുള്ള ഒ.കെ ആയ വിമാന ടിക്കറ്റുമായെത്തിയ മാതാവും മക്കളുമുള്‍പ്പെടെ ഏഴ് യാത്രക്കാര്‍ക്കാണ് വിമാനത്തില്‍ സീറ്റില്ലെന്ന് പറഞ്ഞ് അധികൃതര്‍ യാത്ര നിഷേധിച്ചത്.
ഇന്നലെ രാത്രി 9.15ന് മസ്‌ക്കത്തിലേക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ പോകാനെത്തിയ ചേളാരി സ്വദേശിയായ മാതാവിനും മൂന്ന് മക്കള്‍ക്കുമാണ് വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്. മറ്റു മൂന്നുപേര്‍ക്കും ഇന്നലെ ഇതേ അനുഭവമുണ്ടായിട്ടുണ്ട്.
ജിദ്ദയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനടുത്തേക്കാണ് കരിപ്പൂര്‍-മസ്‌ക്കത്ത്, മസ്‌ക്കത്ത്-ജിദ്ദ മേഖലയിലേക്ക് മാസങ്ങള്‍ക്ക് മുന്‍പുതന്നെ മാതാവും മക്കളും വിമാന ടിക്കറ്റെടുത്തിരുന്നു. 3400 സഊദി റിയാല്‍ നല്‍കിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഇവര്‍ പറഞ്ഞു.
വിമാന യാത്രക്കായി കൃത്യസമയത്തുതന്നെ കരിപ്പൂരിലെത്തിയെങ്കിലും വിമാനത്തില്‍ സീറ്റില്ലെന്ന് പറഞ്ഞ് ഇവരെ മടക്കുകയായിരുന്നു. തങ്ങളുടെ സീറ്റുകള്‍ മറിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
ഏഴു പേരേയും ഇന്നത്തെ വിമാനത്തില്‍ കൊണ്ടുപോകാമെന്നും നഷ്ടപരിഹാരം നല്‍കാമെന്നുമാണ് അധികൃതര്‍ ഇവരെ അറിയിച്ചത്.
ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കടക്കം യാത്ര നിഷേധിക്കപ്പെടുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."