തൊഴിലാളി പ്രതിഷേധത്തില്‍ സംസ്ഥാനം നിശ്ചലം
തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരേ സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ കേരളം നിശ്ചലമായി.
പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ അണിചേര്‍ന്നു. ഞായറാഴ്ച രാത്രി 12ന് ആരംഭിച്ച പണിമുടക്ക് ഇന്നലെ രാത്രി 12വരെ നീണ്ടു. സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും ഓട്ടോറിക്ഷ, ടാക്‌സി അടക്കം പൊതു യാത്രാ വാഹനങ്ങള്‍ ഓടിയില്ല. വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. പൊതു, സ്വകാര്യ മേഖലകളിലെ ഫാക്ടറികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, വാഹന ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ ചേര്‍ന്നു. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എ.എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, എം.കെ.ടി.യു.സി (ജെ), ഐ.എന്‍.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബി.എം.എസ് അംഗങ്ങളായ തൊഴിലാളികള്‍ ജോലിക്കിറങ്ങിയില്ല. ചില സ്ഥലങ്ങളില്‍ ഓടാന്‍ ശ്രമിച്ച യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു. ഇതൊഴിച്ചാല്‍ പണിമുടക്കില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ തലസ്ഥാനത്ത് രാജ്ഭവനിലേക്കും വിവിധ ജില്ലകളില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തി. രാജ്ഭവന്‍ മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."