പ്രകൃതിയുടെ വരദാനം
തളിപ്പറമ്പ്: നാടിന് അനുഗ്രഹമായി കനത്ത വേനലിലും വറ്റാതെ കരിമ്പം പനക്കാട്ട് കുണ്ടമൂലയിലെ നീരുറവ. ഇവിടത്തെ കുഴിയില്‍നിന്ന് എത്ര വെള്ളമെടുത്താലും കുറയുന്നില്ലെന്നത് നാട്ടുകാര്‍ക്ക് ആശ്ചര്യമാണ്. ഇവിടെനിന്നു അരകിലോമീറ്റര്‍ മാറിയൊഴുകുന്ന കരിമ്പം പുഴ പോലും ഏപ്രില്‍ അവസാനത്തോടെ വറ്റിവരളുമ്പോള്‍ കുണ്ടമൂലയിലെ നീരുറവക്ക് ഭാവവ്യത്യാസമില്ല. മുന്‍കാലത്ത് നിരവധിയാളുകള്‍ പൈപ്പുകളിട്ട് ഇവിടെനിന്നു വെള്ളം വീടുകളിലേക്ക് എത്തിച്ചിരുന്നു. മോട്ടോര്‍ വച്ചും വെള്ളം പമ്പ് ചെയ്തിരുന്നു. തിളപ്പിക്കാതെ തന്നെ കുടിച്ചാലും രുചിവ്യത്യാസമോ മറ്റ് പ്രശ്‌നങ്ങളോ അനുഭവപ്പെടാറില്ലെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അള്ളാംകുളം സ്വദേശിയും പ്രവാസിയുമായ ളായിന്‍ ഹംസയുടെ ഉടമസ്ഥതിലുള്ള മൂന്നരയേക്കര്‍ കൃഷിയിടത്തിലാണ് നീരുറവ ഉള്ളതെങ്കിലും വെള്ളമെടുക്കുന്നതിലോ ഉപയോഗിക്കുന്നതിലോ യാതൊരു തടസവുമില്ല. രൂക്ഷമായ വേനലില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഇന്നത്തെ കാലത്ത് പ്രകൃതിയുടെ വരദാനമായിട്ടാണ് ഈ അത്ഭുത ജലസംഭരണിയെ നാട്ടുകാര്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."