യമനില്‍ സഊദിയുടെ തിരിച്ചടി; സഖ്യസേനയുടെ വ്യോമാക്രമണം; ഹൂതികള്‍ക്ക് കനത്ത നഷ്ടം
റിയാദ്: സഊദിക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണത്തിനെതിരെ സഊദിയുടെ നേതൃത്വത്തില്‍ യമനിലെ വിമതവിഭാഗത്തിനെതിരെ തിരിച്ചടി തുടങ്ങി. യമനിലെ വിമത വിഭാഗമായ ഹൂതി ശക്തി കേന്ദ്രത്തില്‍ സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. സഊദിക്കെതിരെ ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്നാണ് സഊദി സഖ്യസേന ആക്രമണം കടുപ്പിച്ചത്. ഹൂതി വിമതരുടെ ശക്തി കേന്ദ്രങ്ങളിലെ സൈനിക ക്യാംപുകള്‍ ലക്ഷ്യമാക്കിയാണ് സഖ്യസേനയുടെ മുന്നേറ്റം.
കഴിഞ്ഞ ദിവസം സഖ്യസേന വ്യോമവിമാനങ്ങള്‍ 20 ലധികം തവണ ആക്രമണം നടത്തി. സഅദ ഗവര്‍ണറേറ്റിലെ ജൗഫ്, മൈദ എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി ഹൂതി തീവ്രവാദികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബൈദയിലെ സെന്‍ട്രല്‍ സെക്യൂരിറ്റി ഹെഡ്ക്വാക്വാര്‍ട്ടേഴ്‌സില്‍ നടന്ന വ്യോമാക്രമണത്തിലാണ് നിരവധി ഹൂതികള്‍ കൊല്ലപ്പെട്ടത്. പ്രവിശ്യകളിലെ വിവിധയിടങ്ങളിലെ അതിശക്തമായ വ്യോമാക്രണങ്ങളില്‍ പലയിടങ്ങളിലും ഹൂതികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി സഖ്യസേന അവകാശപ്പെട്ടു.
ഹൂതി വിഭാഗം വനിതാ കമാന്‍ഡറും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ സന്‍അയില്‍ നടന്ന ആക്രമണത്തിലാണ് ഹുസൈന്‍ അല്‍ ബക്‌ലി കൊല്ലപ്പെട്ടത്. ഹൂതി ചീഫ് കമാന്‍ഡര്‍ മുഹമ്മദ് അലി അല്‍ ഹൂത്തിയുടെ ഏറ്റവും അടുത്തയാളാണ് ബക് ലി. ഏതാനും ദിവസങ്ങളായി സഊദിക്കെതിരെ ശക്തമായ ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയിരുന്നത്. തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ സഊദിയുടെ ഉറക്കം കെടുത്തുകയാണ്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് സഊദി ആരോപിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഏഴു തവണ നടന്ന കൂട്ട മിസൈല്‍ ആക്രമണത്തിന് ശേഷം ലോക നേതാക്കളുടെ പ്രതിഷേധങ്ങള്‍ക്കിടെ തുടര്‍ ദിനങ്ങളിലും മിസൈല്‍ ആക്രമണം നടത്തിയത് ഏറെ ഭീതി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സഊദിയുടെ നേതൃത്വത്തില്‍ സഖ്യസേന തിരിച്ചടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."