ജാതിമതിലുകള്‍ പണിതത് ഹിന്ദുത്വം: കുരീപ്പുഴ
തിരുവനന്തപുരം: ജാതിമതിലുകള്‍ പണിതത് ഹിന്ദുത്വമാണെന്നും അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങളിലൂടെ മനുഷ്യര്‍ക്കിടയില്‍ വേലികെട്ടിയത് സവര്‍ണബോധമാണെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍.
വടയമ്പാടിയിലെ മൈതാനം പൊതുയിടമാക്കുക, വ്യാജ പട്ടയം റദ്ദാക്കുക, അംബേദ്കര്‍ ജയന്തി പൊതുമൈതാനത്ത് സമ്മേളിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദലിത് ഭൂ അവകാശ മുന്നണിയും ജാതിമതില്‍ വിരുദ്ധ സമര സഹായ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടയമ്പാടിയിലെ ജാതിമതില്‍ കേരളത്തിന് അപമാനമാണ്. പുലയന്റെ നിഴല്‍ പോലും വീഴരുതെന്ന് പറഞ്ഞ് രണ്ടാള്‍ പൊക്കത്തില്‍ മതില്‍ കെട്ടിയ സവര്‍ണ ബോധത്തിന് ഇനിയും ബോധംവന്നിട്ടില്ല.
സംഘപരിവാറുകാര്‍ അയിത്തവും തൊട്ടുകൂടായ്മയും വഴി നടത്തുന്ന മനുഷ്യ നിന്ദ സത്യത്തില്‍ ദൈവനിന്ദയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റെയും ആര്‍.എസ്.എസിന്റെയും സംസ്‌കാരം ഒന്നാണെന്ന് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമാണ്.
സ്വജാതിയില്‍ അഭിമാനിക്കുന്ന ഈ സവര്‍ണ ബോധമാണ് മകളെ കൊന്ന പിതാവിനും ഉണ്ടായിരുന്നത്. കാലത്തിന്റെ മാറ്റം തിരിച്ചറിയാത്ത ഇവര്‍ സാക്ഷര കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധര്‍ണയെ അഭിസംബോധന ചെയ്ത് സി.ആര്‍ നീലകണ്ഠന്‍ സംസാരിച്ചു. ഇരുനൂറോളം പേര്‍ ധര്‍ണയിലും സെക്രട്ടറിയേറ്റ് മാര്‍ച്ചിലും പങ്കെടുത്തു. ദലിത് ഭൂ അവകാശ സമര മുന്നണി ജനറല്‍ കണ്‍വീനര്‍ എന്‍.പി അയ്യപ്പന്‍കുട്ടി സ്വാഗതം പറഞ്ഞു.
ജാതിമതില്‍ വിരുദ്ധ സമര സഹായ സമിതി നേതാക്കളായ സി.എന്‍. മുരളി, ജോയ് പവേല്‍, കെ.കെ.എസ് ദാസ്, പി.കെ വിജയന്‍, പി.വി സജീവ്, പുളിക്കല്‍ സാമുവല്‍, സജി കൊല്ലം, കെ.എം സലിംകുമാര്‍, ആര്‍. അജയന്‍, മൃദുലാദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."