മോര്‍ഫിങ് വിവാദം: നഷ്ടമാകുന്നത് ഫോട്ടോഗ്രഫി മേഖലയുടെ വിശ്വാസ്യത
വടകര: സദയം സ്റ്റുഡിയോയുടെ മറവില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം ഫോട്ടോഗ്രഫി മേഖലയുടെ വിശ്വാസ്യതക്ക് ഏല്‍പിച്ച ആഘാതം ചെറുതല്ല. വിവാഹമോ മറ്റു വിശേഷ അവസരങ്ങളോ ഉണ്ടാകുമ്പോള്‍ വീട്ടുകാര്‍ ഫോട്ടോഗ്രാഫര്‍ക്കും വിഡിയോഗ്രാഫര്‍ക്കും നല്‍കുന്ന സ്ഥാനം വളരെ വലുതാണ്.
വീട്ടിലെ ഒരംഗത്തെ പോലെയാണ് ഈ അവസരങ്ങളില്‍ ഇവരെ കാണാറുള്ളത്. അടുക്കള മുതല്‍ കിടപ്പു മുറിവരെ എല്ലായിടത്തും പൂര്‍ണ സ്വാതന്ത്ര്യം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ലഭിക്കും. എന്നാല്‍ മോര്‍ഫിങ് സംഭവം വിവാദമായതോടെ ഇനി ഫോട്ടോഗ്രാഫര്‍മാരെ മറ്റൊരു കണ്ണിലൂടെയാകും ജനം കാണുക. തങ്ങള്‍ക്ക് അറിയുന്നവരെയോ, ബന്ധങ്ങളോ നോക്കിയാണ് പലരും ഫോട്ടോഗ്രാഫര്‍മാരെ ഏല്‍പ്പിക്കുക. സദയം സ്റ്റുഡിയോയും വര്‍ഷങ്ങളായി ഇത്തരം ജോലികള്‍ കൃത്യമായി ഏറ്റെടുത്ത് നടത്തുന്നവരാണ്. എന്നാല്‍ ഇവിടെ എത്തിയ ബിബീഷ് എന്ന എഡിറ്ററാണ് ഇത്തരം വിക്രിയകള്‍ നടത്തിയത്. അതേസമയം ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും ഇതിനെ എതിര്‍ക്കാനോ ഇല്ലാതാക്കാനോ സ്റ്റുഡിയോ ഉടമകള്‍ ശ്രമിച്ചില്ലെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഫോട്ടോകള്‍ പുറത്തുപോയത് സ്റ്റുഡിയോ ഉടമകള്‍കൂടി അറിഞ്ഞിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്റ്റുഡിയോ ഉടമകളുടെ നാടായ വൈക്കിലശ്ശേരി ഭാഗത്തുള്ള നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കാതിരുന്നതും ഇതു പ്രചരിപ്പിക്കുന്നതിനു പിന്നില്‍ നിന്നതുമാണ് നാട്ടുകാര്‍ ഉടമകള്‍ക്കെതിരേ തിരിയാന്‍ ഇടയാക്കിയത്.
ഫോട്ടോഗ്രാഫി മേഖലയുടെ മാന്യത തകര്‍ത്ത പ്രതികള്‍ക്കെതിരേ ശക്തമായ നിലപാടാണ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സ്വീകരിച്ചത്. അസോസിയേഷന്‍ നേതാക്കള്‍ ആദ്യം മുതല്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സമരമുഖങ്ങളില്‍ ഒപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്. സംഭവം പുറത്തുവന്നതോടെ ഫോട്ടോഗ്രഫി മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. പല ചടങ്ങുകളില്‍നിന്നും ഫോട്ടോഗ്രാഫര്‍മാരെ ഒഴിവാക്കിയതും ചില വിവാഹങ്ങള്‍ ചെയ്തുകഴിഞ്ഞ ശേഷം ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് മെമ്മറി കാര്‍ഡുകള്‍ വീട്ടുകാര്‍ വാങ്ങിയ സംഭവങ്ങളുമുണ്ട്. ടൗണുകളിലെ സ്റ്റുഡിയോകളില്‍ ആളുകളുകളുടെ വരവ് കുറഞ്ഞതായി ഉടമകളും വ്യക്തമാക്കുന്നു.
പ്രതികളില്‍ രണ്ടുപേരെ പൊലിസ് പിടികൂടിയെങ്കിലും മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തിയാല്‍ മാത്രമെ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വിദേശങ്ങളില്‍ വരെ എത്തിയത് എങ്ങിനെയെന്ന് അറിയണമെങ്കില്‍ ബിബീഷിനെ ചോദ്യം ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."