ബാരാപോളില്‍ കൂറ്റന്‍ പാറ വീണ് സോളാര്‍ പാനല്‍ തകര്‍ന്നു
ഇരിട്ടി: കൂറ്റന്‍ പാറ ഇളകി വീണ് വൈദ്യുതി ഉത്പാദനത്തിനായി ബാരാപോളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ തകര്‍ന്നു. ജലവൈദ്യുത പദ്ധതിയുടെ കനാല്‍ ടോപ്പില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ക്കു മുകളിലാണ് ഇന്നലെ പുലര്‍ച്ചയോടെ സമീപത്തെ മലയില്‍നിന്നു കൂറ്റന്‍ കരിങ്കല്‍ പാറ ഇളകിവീണത്. ഇരുപത്തഞ്ചിലേറെ പാനലുകള്‍ തകരുകയും ഇത് സ്ഥാപിച്ച കൂറ്റന്‍ ഇരുമ്പ് ബീമുകള്‍ ഒടിയുകയും ചെയ്തു. ലക്ഷങ്ങളുടെ നാശത്തിനൊപ്പം വൈദ്യുതി ഉത്പാദനവും നിലച്ചു. വൈദ്യുതി പ്രവഹിച്ചിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പാനലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച വയറുകളും ഇരുമ്പു പൈപ്പുകളും മറ്റും കത്തി നശിച്ചു. പല പാനലുകളും കനാലിലെ വെള്ളത്തില്‍ വീണു നശിച്ചു. കേരളത്തില്‍ ആദ്യമായി ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിയ 15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ബാരാപോള്‍ മിനി വൈദ്യുത പദ്ധതിക്കൊപ്പം ഇതിന്റെ നാല് കിലോമീറ്ററോളം വരുന്ന കനാലിന്റെ മുകളിലില്‍ ആയിരത്തിലേറെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. നാല് മെഗാവാട്ട് ശേഷിയാണുള്ളത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ഒരു വര്‍ഷത്തോളമായി വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്.
പദ്ധതിയുടെ കനാലിനു സമീപത്തെ കുന്നിനു മുകളിലൂടെ പോകുന്ന റോഡിന്റെ പണിക്കിടെയാണ് കരിങ്കല്‍ പാറ ഇളകി താഴേക്കു വീണതെന്നാണ് കരുതുന്നത്. പദ്ധതിക്ക് തടസമാവുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ പാടില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. സോളാര്‍ പാനല്‍ തകര്‍ന്ന് വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിലച്ചതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."