ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സികള്‍ക്കെതിരേ നടപടി സ്വീകരിക്കണം: കെ.പി.എസ്.പി.എ
കൊച്ചി: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്. പി.എ) പ്രസിഡണ്ട് ജിജി അഞ്ചാനി, സെക്രട്ടറി ഹബീബ് റഹ്മാന്‍, ട്രഷറര്‍ ആര്‍. ഹരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളില്‍ പോലും 9000 രൂപയ്ക്ക് ടെണ്ടര്‍ ഉറപ്പിച്ചിട്ട് സുരക്ഷാ ഏജന്‍സികള്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്കണം എന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മുഖ്യ തൊഴില്‍ദാതാക്കളാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. സുരക്ഷാ ഏജന്‍സികള്‍ക്കെതിരേ ഇക്കാരണത്താല്‍ നടപടിയെടുക്കുന്നത് ചെറുക്കും. മുഖ്യ തൊഴില്‍ദാതാവ് മിനിമം വേതനം നല്‍കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ട് വേണം സുരക്ഷാ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍. മിനിമം വേതനം നല്‍കാത്ത മുഖ്യ തൊഴില്‍ദാതാക്കള്‍ക്ക് എതിരെയും നടപടി വേണമെന്ന് കെ പി എസ് പി എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സുരക്ഷാ ഏജന്‍സികളില്‍ നിന്ന് ക്രിമിനലുകളെയും മറ്റു കുഴപ്പക്കാരെയും ഒഴിവാക്കുന്നതിന്റെ ഭാഗമായി വെരിഫിക്കേഷന്‍ നടപടികള്‍ ശക്തമാക്കും. ഇതിനായി ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഒരു സ്ഥാപനത്തില്‍ നേരിട്ടോ സുരക്ഷ ഏജന്‍സിയോ മുഖേന സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കണം. കെ പി എസ് പി എയുടെ കീഴില്‍ എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും പരിശീലന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും. സുരക്ഷാ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പ് ആരംഭിക്കുമെന്നും കെ പി എസ് പി എ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."