മെഡിക്കല്‍ പ്രവേശന ബില്ല് പാസായി; ബല്‍റാമിന്റെ എതിര്‍പ്പിനെ തള്ളി ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസായി. സുപ്രിം കോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്ല് ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്. ബില്ല് സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞെങ്കിലും ഇതിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബില്ല് ഭരണപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു.
പ്രവേശന ബില്ല് പാസായതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 118ഉം കരുണയില്‍ 31 ഉം വിദ്യാര്‍ഥികളുടെ പ്രവേശനം സാധുവായി.
പ്രൊഫഷനല്‍ കോളജുകളുടെ കച്ചവട താല്‍പ്പര്യത്തെ പിന്തുണയ്ക്കുന്ന ബില്ലാണ് ഭരണപക്ഷം പാസാക്കാന്‍ ശ്രമിക്കുന്നതെന്ന് വി.ടി ബല്‍റാം പറഞ്ഞു. എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബല്‍റാമിന്റെ വാക്കുകളെ സഭയില്‍ വച്ചുതന്നെ തള്ളി. ബില്ല് വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ്. മറ്റൊരു നിക്ഷിപ്ത താല്‍പ്പര്യവും ഇതിലില്ല. ഇത്രത്തരത്തില്‍ പ്രചരിപ്പിക്കുന്നത് പ്രൊഫഷനല്‍ കോളജുകളുടെ കച്ചവട താല്‍പ്പര്യത്തെ സംരക്ഷിക്കാനാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരം വാക്കുകളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രവേശനത്തെ അനുകൂലിച്ചുള്ള ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ബില്ല് പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."