ഒന്നിലധികം മണ്ഡലത്തില്‍ ഒരാള്‍ ജനവിധി തേടുന്നതിനോട് യോജിപ്പില്ല: തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: ഒരുസ്ഥാനാര്‍ഥി ഒന്നിലധികം മണ്ഡലത്തില്‍ നിന്ന് ജനവിധിതേടുന്നതിനോട് യോജിപ്പില്ലെന്ന് സുപ്രിം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഒന്നിലധികം സീറ്റുകളില്‍ ഒരാള്‍ തന്നെ മത്സരിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം ഒരുസീറ്റിലെ സ്ഥാനം നിലനിര്‍ത്തി ബാക്കിയുള്ളവ രാജിവയ്ക്കുന്ന രീതി ചോദ്യംചെയ്യുന്ന പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. ഇത്തരം നടപടികള്‍ രാജിവയ്ക്കുന്ന സീറ്റുകളിലെ വോട്ടര്‍മാരെ അവഹേളിക്കലാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
പൊതുഖജനാവിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍, അല്ലാത്തപക്ഷം സ്ഥാനം രാജിവയ്ക്കുന്ന ജനപ്രതിനിധിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിന് ചെലവായ തുക ഈടാക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ മണ്ഡലങ്ങള്‍ക്ക് അഞ്ചുലക്ഷവും ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് പത്ത് ലക്ഷവും ഈടാക്കണമെന്നാണ് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്.
ബി.ജെ.പി ഡല്‍ഹി ഘടകം വക്താവ് അശ്വിനികുമാര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയാണ് ഇതുമായി ബന്ധപ്പെട്ട് കോടതി മുന്‍പാകെയുള്ളത്. കേസ് പരിഗണിക്കവെ കഴിഞ്ഞ ഡിസംബറില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് കോടതി നോട്ടിസ് അയച്ചിരുന്നു.
ഇതേതുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കമ്മിഷന്റെ നിലപാട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ സമര്‍പ്പിച്ചത്. ഇപ്പോഴത്തെ നിയമപ്രകാരം ഒരു വ്യക്തിക്ക് രണ്ടുസീറ്റുകളില്‍ മല്‍സരിക്കാം.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദരയിലും മല്‍സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ചതിനെത്തുടര്‍ന്ന് വഡോരദ മണ്ഡലത്തിലെ എം.പിസ്ഥാനം രാജിവച്ചു. സെപ്റ്റംബറില്‍ വഡോദരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രഞ്ജന്‍ബെന്‍ ധനഞ്ജയ് ഭട്ട് വിജയിക്കുകയുംചെയ്തു.
2004ലും 2016ലും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ കോടതി മുന്‍പാകെ എത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതോടെ ഹരജി തള്ളുകയായിരുന്നു. പുതിയ ഹരജിയിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷമേ കോടതി തീരുമാനമെടുക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."