ചരിത്രമെഴുതി കേരളത്തിന്റെ പെണ്‍ പട
മുംബൈ: മുംബൈ ബി.കെ.സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പുതുചരിത്രമെഴുതി കേരളത്തിന്റെ വനിതകള്‍. അണ്ടര്‍ 23 ടി-20 ദേശീയ വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ചരിത്രം തിരുത്തിയത്. ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഈ നേട്ടം. ദേശീയ ടൂര്‍ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്.
കലാശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സജനയുടെ ബാറ്റില്‍ നിന്നായിരുന്നു വിജയ റണ്‍. ശേഷിച്ച വിക്കറ്റ് കീര്‍ത്തി കെ ജെയിംസും നേടി. കേരളത്തിനായി എ അക്ഷയ (37), ജിലു ജോര്‍ജ് (22), എസ് സജന (24) എന്നിവര്‍ മികച്ച ബാറ്റിങ്ങ് പുറത്തെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മഹാരാഷ്ട്രയ്ക്ക് നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റുകളും കേരള താരങ്ങള്‍ റൗണ്ണൗട്ടിലൂടെ സ്വന്തമാക്കുകയായിരുന്നു. ശേഷിച്ച ഒരു വിക്കറ്റ് കീര്‍ത്തി ജെയിംസ് നേടി.
സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയില്‍ അപരാജിതരായി ഒന്നാമതായാണ് കേരളം ഫൈനലിലെത്തിയത്. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, മുംബൈ ടീമുകളെ പരാജയപ്പെടുത്തി. സൂപ്പര്‍ ലീഗില്‍ കേരളത്തിനായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് നായിക സജനയാണ്. അഞ്ച് കളികളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ സജന നേടി. ബാറ്റിങില്‍ 94 റണ്‍സുമായി ജിലു ജോര്‍ജും 93 റണ്‍സുമായി മിന്നു മണിയും കരുത്തേകി.
ദേശീയ ടൂര്‍ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടം വനിതകള്‍ വഴിയാണെന്നത് വളരെ സന്തോഷകരമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് റോങ്ക്‌ളിന്‍ ജോണ്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് കേരളം ഒരു ദേശീയ ചാംപ്യന്‍ഷിപ്പില്‍ കീരീടം നേടുന്നതെന്നും വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റ് ടീമംഗങ്ങള്‍ക്കും സപ്പോര്‍ട് സ്റ്റാഫിനുമാണെന്നും കെ.സി.എ സെക്രടറി ജയേഷ് ജോര്‍ജ് പറഞ്ഞു.
അണ്ടര്‍ 23 വനിതാ ടീമിലെ മിക്ക കളിക്കാരും കെ.സി.എ അക്കാദമി വഴി വന്നവരാണ്. ഭാവിയില്‍ ദേശീയ ടീമില്‍ വരെ സ്ഥാനം ലഭിക്കാന്‍ അര്‍ഹരായ താരങ്ങള്‍ ടീമിലുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന സുമന്‍ ശര്‍മയുടെ പരിശീലക മികവും കീരീടം നേടുന്നതില്‍ വലിയ പങ്ക് വഹിച്ചെന്ന് ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കിരീടം നേടിയ ടീമിന് കെ.സി.എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."