പ്രതിഷേധവുമായി യുവജന സംഘടനകള്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ തോല്‍പ്പിച്ചതായി ആക്ഷേപം
കൊണ്ടോട്ടി: കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളില്‍ വിദ്യാര്‍ഥികളെ പരാജയപ്പെടുത്തിയെന്നാരോപിച്ചു യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ് സംഘടനകളാണ് പത്താം ക്ലാസിലേക്കുള്ള ഒന്‍പതു കുട്ടികളെ പരാജയപ്പെടുത്തിയെന്നാരോപിച്ചു രംഗത്തെത്തിയത്.
സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ 49 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഒന്‍പതു പേര്‍ പരാജയപ്പെട്ടു. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം നേടാനാണ് കുട്ടികളെ പരാജയപ്പെടുത്തിയതെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധവും കുത്തിയിരിപ്പ് സമരവും ശക്തമായതോടെ കരിപ്പൂര്‍ പൊലിസ് സ്ഥലത്തെത്തി സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പരാജയപ്പെട്ട വിഷയങ്ങള്‍ വീണ്ടമെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്നു സ്‌കൂള്‍ ധികൃതര്‍ ചര്‍ച്ചയ്ക്കു ശേഷം ഉറപ്പുനല്‍കി.
സി.ബി.എസ്.ഇയുടെ ഏറ്റവും പുതിയ സര്‍ക്കുലര്‍ പ്രകാരം ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കരുതെന്നാണ് നിര്‍ദേശമെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതു പ്രകാരമാണ് ഒന്‍പതു പേര്‍ പരാജയപ്പെട്ടത്. ഇവര്‍ക്കു വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കി വിവരം നേരത്തേതന്നെ അറിയിച്ചതാണ്. രണ്ടുപേര്‍ ടി.സി ആവശ്യപ്പെട്ടു സമീപിച്ചിട്ടുണ്ടെന്ന് വൈസ് പ്രിന്‍സിപ്പല്‍ വി.പി അംബിക പറഞ്ഞു. അഞ്ചു പേര്‍ മാത്രമാണ് വീണ്ടും പരീക്ഷയെഴുതാന്‍ തയാറായത്.
ഇതില്‍ മൂന്നു പേര്‍ പാസാകുകയും അവര്‍ക്കു പത്താം ക്ലാസ്സിലേക്കു പ്രവേശനം നല്‍കുകയും ചെയ്തു. ശേഷിക്കുന്നവര്‍ക്കു വീണ്ടും അവസരം നല്‍കും. ആരെയും മനഃപൂര്‍വം തോല്‍പ്പിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."