പുതുരുത്തി പുത്തന്‍കുളം സ്വകാര്യവ്യക്തികളുടെ പിടിയില്‍: കൈയേറ്റം ഒഴിപ്പിക്കാതെയുള്ള നവീകരണത്തിനെതിരേ കോണ്‍ഗ്രസ്
വടക്കാഞ്ചേരി : നഗരസഭയുടെ കീഴിലുള്ള പുതുരുത്തി പുത്തന്‍കുളം കൈയേറ്റക്കാരുടെ പിടിയിലമരുമ്പോഴും ഒന്നും ചെയ്യാതെ കയ്യും കെട്ടിയിരുന്നു നഗരസഭ കൈയേറ്റക്കാര്‍ക്കു പിന്തുണ നല്‍കുകയാണെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്ത്. 59 സെന്റ് സ്ഥലത്തു ജലസമൃദ്ധിയില്‍ കിടന്നിരുന്ന കുളം ഇപ്പോള്‍ 30 സെന്റിലേക്കു ചുരുങ്ങിയതായി കോണ്‍ഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പുതുരുത്തി വില്ലേജില്‍ റീ സര്‍വ്വേ നടത്തിയപ്പോഴാണു വന്‍ കയ്യേറ്റം വെളിപ്പെട്ടത്. ഈ വിവരം നഗരസഭ അധികൃതരെ നേരിട്ടറിയിച്ചിട്ടും കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിയ്ക്കുന്ന നടപടിയാണു നഗരസഭ കൈകൊള്ളുന്നതെന്നും കയ്യേറ്റക്കാരുടെ കയ്യിലുള്ള 29 സെന്റ് സ്ഥലം പിടിച്ചെടുക്കാതെ നടക്കുന്ന കുള നവീകരണ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്നും ഡി.സി.സി ഭാരവാഹികളായ കെ. അജിത്കുമാര്‍, എന്‍.ആര്‍ സതീശന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.ആര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ താല്‍പ്പര്യപ്രകാരം 2012-13 കാലഘട്ടത്തിലാണു നാടിന്റെ പ്രധാന ജലസ്രോതസായ പുത്തന്‍കുളം നവീകരിച്ചു സംരക്ഷിയ്ക്കാന്‍ തലപ്പിള്ളി പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. അന്നു ടെണ്ടറും പൂര്‍ത്തിയായെങ്കിലും കരാറുകാരനു പണി തുടങ്ങാനായില്ല.
മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പുതിയ ടെണ്ടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണു റീ സര്‍വ്വേ നടന്നതും 29 സെന്റ് സ്ഥലം കയ്യേറിയെന്നു കണ്ടെത്തിയതും പരാതിയെ തുടര്‍ന്നു നഗരസഭയുടെ നേതൃത്വത്തിലും കുളം അളന്നിരുന്നു. അന്നും കയ്യേറ്റം ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ കയ്യേറ്റക്കാള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നതിനാല്‍ നഗരസഭ കണ്ണടയ്ക്കുകയാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. 54 ലക്ഷം രൂപ ചിലവഴിച്ചു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കു മുമ്പു കയ്യേറ്റം പിടിച്ചെടുക്കണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പുത്തന്‍കുളം തിരിച്ച് പിടിക്കും: നഗരസഭ
വടക്കാഞ്ചേരി : നഗരസഭയിലെ പുത്തന്‍കുളം ചില സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ടെന്നും ഈ ഭൂമി തിരിച്ചു പിടിയ്ക്കുക തന്നെ ചെയ്യുമെന്നും നഗരസഭ കൗണ്‍സിലര്‍ മണികണ്ഠന്‍ അറിയിച്ചു. ഒരു തുണ്ടു ഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. പണി നിര്‍ത്തിവെച്ചു കയ്യേറ്റം പിടിച്ചെടുക്കാന്‍ പോയാല്‍ പിന്നെ കുളനവീകരണം സാധ്യമാവില്ല. മഴ പെയ്താല്‍ പണി നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. അതു തന്നെയാണു കോണ്‍ഗ്രസ് ലക്ഷ്യമെന്നും നഗരസഭയുടെ വികസനം അട്ടിമറിയ്ക്കുക എന്നതാണു അജണ്ടയെന്നും മണികണ്ഠന്‍ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."