എസ്.പി.സി ക്യാംപ്; ശുഭയാത്ര ശ്രദ്ധേയമായി
നെടുങ്കണ്ടം: വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഉത്തരവാദിത്വ ഡ്രൈവിംഗ് ശീലമാക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെ ജില്ലാതല ക്യാംപിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശുഭയാത്ര പരിപാടി ശ്രദ്ധേയമായി. കിഴക്കേക്കവലയിലും പടിഞ്ഞാറേക്കവലയിലുമായി 84 കേഡറ്റുകള്‍ ശുഭയാത്രാ പരിപാടിയില്‍ പങ്കെടുത്തു.
ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് പറഞ്ഞുമനസിലാക്കുകയും, ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് മിഠായികള്‍ നല്‍കുകയും ചെയ്തു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിച്ചവര്‍ക്കും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വാഹന ഡ്രൈവര്‍മാര്‍ക്ക് ഗ്രീന്‍, യെല്ലോ, റെഡ് കാര്‍ഡുകളും ഇവര്‍ നല്‍കി. ഡ്രൈവര്‍മാരില്‍ നിന്നും ഇവ ഒപ്പിട്ട് വാങ്ങുകയും ചെയ്തു.
ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊള്ളാമെന്ന പ്രതിജ്ഞയാണ് ഗ്രീന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യെല്ലോ കാര്‍ഡില്‍ എസ്.പി.സി കേഡറ്റുകളുടെ ട്രാഫിക് മുദ്രാവാക്യങ്ങളും, റെഡ് കാര്‍ഡില്‍ ട്രാഫിക് നിയമങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശുഭയാത്രാ പരിപാടിക്ക് ഡി.വൈ.എസ്.പി പി ബിജുരാജ്, ഐ.പി പി.എസ് സുനില്‍കുമാര്‍, എസ്.ഐ തോമസ്, എ.എസ്.ഐ സുരേഷ് ബാബു, സി.പി.ഓമാരായ ജയേഷ്, ജിന്‍സ്, അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ക്യാമ്പ് ഇന്ന് സമാപിക്കും. സമാപനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ എട്ടിന് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ ജോയിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
സമാപന ചടങ്ങുകള്‍ക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം ലഭിക്കും. ഈ അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് എസ്പിസി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."