നെടുങ്കണ്ടം പഞ്ചായത്തിന് അനാസ്ഥ: സ്റ്റേഡിയം നഷ്ടപ്പെടുമെന്ന് ആശങ്ക
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ സ്ഥലത്തെ സംബന്ധിച്ച് പഞ്ചായത്തിന്റെ അനാസ്ഥമൂലം സ്‌റ്റേഡിയം നഷ്ടപ്പെടുമെന്ന ആശങ്കയേറുന്നു.
സര്‍ക്കാര്‍ സംസ്ഥാനത്ത് മറ്റ് ജില്ലകള്‍ക്കായി അനുവദിച്ചിരിക്കുന്ന ഇന്‍ഡോര്‍ സറ്റേഡിയത്തിന്റെ സ്ഥലമെടുപ്പ് അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടും ഇടുക്കി ജില്ലയ്ക്കായി നെടുങ്കണ്ടത്ത് അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ സ്ഥലത്തെ സംബന്ധിച്ച് പഞ്ചായത്ത് ഇപ്പോഴും അനാവശ്യ വിവാദത്തില്‍ തന്നെയാണ്. ഇന്‍ഡോര്‍ സ്‌റ്റേഡിയം നെടുങ്കണ്ടത്ത് അനുവദിച്ചതിന് ശേഷം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അഞ്ചിടങ്ങളില്‍ സ്‌റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു.
ഈ സ്ഥലങ്ങളിലെല്ലാം കായിക വകുപ്പിന്റെ ചീഫ് എന്‍ജിനിയര്‍ നേരിട്ട് എത്തി പരിശോധന നടത്തിയിരുന്നു.ഇതില്‍നിന്നും ഏറ്റവും നല്ലത് പച്ചടിയിലെ സ്ഥലമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കോമ്പയാറിലെ സ്ഥലത്ത് സ്‌റ്റേഡിയം നിര്‍മ്മിച്ചാല്‍ മതിയെന്ന പഞ്ചായത്ത് കമ്മറ്റിയുടെ വിലയിരുത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്ഥല പരിശോധന സമയത്ത് കോമ്പയാറിലേയും പച്ചടിയിലേയും സ്ഥലങ്ങളാണ് സ്‌റ്റേഡിയത്തിന് അനുയോജ്യമായി കണ്ടെത്തിയത്. ഇതില്‍ വൈദ്യുതി സൗകര്യം, ജല ലഭ്യത, സ്വഭാവിക ലെവല്‍ റോഡിന് മുകളില്‍ നിരപ്പുള്ളതുമായ സ്ഥലം എന്നത് പച്ചടി കുരിശുപാറയിലെ സ്ഥലം തെരഞ്ഞെടുക്കുവാന്‍ കാരണമായി.
ഭാവിയില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വന്നാല്‍ സമീപത്ത് മൂന്നര ഏക്കര്‍ സ്ഥലം ലഭ്യമാവും എന്നതും നിരപ്പ് സ്ഥലമായതിനാല്‍ ലെവിലിംഗ് ജോലികള്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് മതിയെന്നതും പച്ചടിയിലെ സ്ഥലം തന്നെ മതിയെന്ന് കായിക യുവജന കാര്യാലയം സ്‌പോര്‍ട്ട്‌സ് എന്‍ജിനിയറിംഗ് വിംഗ് തീരുമാനമെടുക്കുകയായിരുന്നു.
സര്‍ക്കാര്‍ കെ.പി തോമസ് മാഷിന്റെ പേരില്‍ നെടുങ്കണ്ടത്ത് അനുവദിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 40 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകള്‍ ഇപ്പോള്‍ സ്‌റ്റേഡിയത്തിനായി സ്ഥലം വിട്ടു നല്‍കുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. ചില സ്ഥലങ്ങള്‍ സൗജന്യമായി നല്‍കുവാനും തയ്യാറായി നില്‍ക്കുന്ന ആളുകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."