ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ
ലഡുവുണ്ടോ ലഡു, നിനക്ക് ലഡു കിട്ടിയോ? ഇനി എത്ര ലഡുവാ വേണ്ടത്- ഈ ചോദ്യങ്ങളായിരുന്നു ഇതുവരെ എല്ലായിടത്തും. വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാം ചാറ്റിലും ഇനി ലഡു ചോദിച്ചു നടക്കണ്ട. ഗൂഗിള്‍പേയുടെ ലഡു കച്ചോടം കഴിഞ്ഞു. ഇതില്‍ വമ്പന്‍ ട്വിങ്കിള്‍ ലഡു തന്നെയായിരുന്നു. ഇവനുമാത്രമെന്തായിരുന്നു ഇത്ര ഡിമാന്‍ഡ്..!
ഇത് ഗൂഗിള്‍പേയുടെ ഒരു തന്ത്രമായിരുന്നു. തുടക്കത്തില്‍ അഞ്ചു വരെ ലഡു എല്ലാര്‍ക്കും എളുപ്പത്തില്‍ കിട്ടും. ആറാമത്തെ ലഡുവിനായാണ് പിന്നെ ഓട്ടം. നിങ്ങളൊക്കെ ട്വിങ്കിളിനെ തപ്പി ഇറങ്ങിയില്ലേ... ഇത് ഗുഗിള്‍പേയുടെ പ്രമോഷനായിരുന്നു എന്ന് എത്രപേര്‍ക്കറിയാം. അതായത് നിങ്ങള്‍ക്ക് കാഷ് ബാക്ക് കിട്ടാന്‍ ഒരു ലഡുകൂടെ മതിയാകും. അതിന് ബില്ലുകളടച്ചും ട്രാന്‍സാക്ഷന്‍ നടത്തിയും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും പോസ്റ്റിയും അവസാന ലഡുവിനായി ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ ലാഭം ശരിക്കും ആര്‍ക്കാ?
ഗൂഗിള്‍പേയുടെ റിവാര്‍ഡ് കിട്ടുമെന്നു പറഞ്ഞാണ് നമ്മളെ കണ്‍വിന്‍സ് ചെയ്യുന്നത്. നമ്മളവര്‍ക്ക് ഒരു രൂപ പോലും ചെലവില്ലാതെ നല്ല പ്രമോഷനും കൊടുത്തു. ഇതിവരുടെ പുതിയ പരിപാടിയൊന്നുമല്ല. 2020ല്‍ ഓള്‍ ഇന്ത്യ ട്രിപ്പിന് ടിക്കറ്റ് കിട്ടാനും നമ്മളെ ഓടിച്ചിരുന്ന ഗോ ഇന്ത്യ കാംപയ്‌നും 2019ലെ സ്റ്റാമ്പ് ദിവാലി കാംപയ്‌നുമൊക്കെ ഓര്‍മയില്ലേ... ദിപാവലിക്കാണ് ഇവര്‍ കൃത്യമായി പുതിയ തന്ത്രവുമായി വരുന്നത്.
വളരെ കുറച്ചു പേര്‍ക്ക് 500 രൂപ കിട്ടിയെന്നു കേള്‍ക്കുമ്പോള്‍ ലഡുവിനായി ഓട്ടമായിരുന്നു. കിട്ടിയതോ ഒരു രൂപയും ആറു രൂപയും നൂറുരൂപയുമൊക്കെ. എല്ലാവരും ഓട്ടം തുടങ്ങി എന്നറിഞ്ഞപ്പോള്‍ ഗൂഗിള്‍പേ റൂട്ട് ഒന്നു മാറ്റിപ്പിടിച്ചു. കാഷ്ബാക്കും കുറച്ചു. 51 അപ് ടു 1001 എന്നുള്ളത് കുറച്ച് 1001 മാത്രമാക്കി. നവംബര്‍ ഏഴുവരെയുള്ള ഗെയിമും വെട്ടിക്കുറച്ച് നവംബര്‍ രണ്ടുവരെയാക്കുകയും ചെയ്തു. ആദ്യമൊക്കെ സ്‌ക്രാച്ച് ചെയ്യുമ്പോള്‍ പൈസ കിട്ടുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കിട്ടുന്നതാവട്ടെ പലതിന്റെയും ഓഫറുകള്‍. ലഡുവിന്റെ എണ്ണം കൂട്ടാന്‍ കാഷ് മുടക്കിയവര്‍ക്ക് കിട്ടിയത് അഞ്ചും ആറും രൂപയും. ഇതൊക്കെ ആരോട് പറയാന്‍. മികച്ച കാംപയിനാണ് ദിപാവലിക്ക് ഗൂഗിള്‍പേ നടത്തിയത്. അവരുടെ പ്രമോഷനല്‍ ഗെയിം രസകരമായി അവര്‍ നടത്തുകയും ചെയ്തു. ഇനി അടുത്ത ദിവാലിക്ക് കാണാം പുതിയ ഗെയിമുമായി എന്നാണ് ഗൂഗിള്‍പേ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."