കാവേരി ജല വിനിയോഗ ബോര്‍ഡ്: നീലഗിരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഗൂഡല്ലൂര്‍: കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാനുള്ള സമയ പരിധി കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നീലഗിരി ജില്ലയില്‍ പൂര്‍ണം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജില്ലയിലെ ഊട്ടി, കുന്നൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകളും കാര്യമായി സര്‍വീസ് നടത്തിയില്ല. എന്നാല്‍ ഭരണാനുകൂല സംഘടനകളില്‍പെട്ട ജീവനക്കാര്‍ ചില സര്‍വീസുകള്‍ നടത്തിയെങ്കിലും യാത്രക്കാര്‍ തീരെ കുറവായിരുന്നു. കേരള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ രാവിലെ ഗൂഡല്ലൂര്‍ ഭാഗത്തേക്ക് സര്‍വിസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എതിര്‍ത്തതോടെ അവസാനിപ്പിച്ചു. തോട്ടം മേഖലയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിരുന്നില്ല. യാത്രക്കാര്‍ കുറഞ്ഞതോടെ ടാക്‌സി വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച് ചെവ്വാഴ്ച വ്യാപാരി സംഘത്തിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."