തൊഴില്‍ തരൂ ഇല്ലെങ്കില്‍ വോട്ടില്ലെന്ന് മോദിയോട് രാജസ്ഥാനിലെ യുവാക്കള്‍
ജയ്പൂര്‍: ബി.ജെ.പിയെയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിസന്ധിയിലാക്കി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികള്‍. നാട്ടുകാര്‍ക്ക് ജോലി നല്‍കിയില്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ടില്ലെന്ന് അവര്‍ പരസ്യമായി പറഞ്ഞതോടെ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
നിരവധി യുവാക്കളാണ് മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിരുദാനന്തര ബിരുദം നേടിയ രാകേഷ് കുമാര്‍ എന്ന യുവാവ് തൊഴിലൊന്നും ലഭിക്കാതായതോടെ പെയിന്റിങ് തൊഴിലിലാണിപ്പോഴുള്ളത്. ഇത്തരത്തില്‍ നിരവധി അഭ്യസ്ഥവിദ്യരാണ് ഉന്നത ബിരുദം കരസ്ഥമാക്കിയിട്ടും തൊഴിലൊന്നുമില്ലാതെ അലയുന്നത്.
2014ല്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്ന മോദിയുടെ വാക്ക് വിശ്വസിച്ചാണ് ബി.ജെ.പിക്ക് വോട്ടുചെയ്തത്. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഭരണം അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ വാഗ്ദാനം ചെയ്ത തൊഴിലെവിടെയെന്ന ചോദ്യവുമായാണ് യുവാക്കള്‍ രംഗത്തെത്തിയത്. തൊഴില്‍ നല്‍കിയില്ലെങ്കില്‍ രണ്ടാമതൊരിക്കല്‍ കൂടി മോദിക്ക് വോട്ട് ചെയ്യില്ലെന്നാണ് ഈ പട്ടണത്തിലെ യുവാക്കളെല്ലാം വ്യക്തമാക്കിയത്.
രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. തൊഴില്‍ ലഭിക്കുമെന്ന പ്രത്യാശയിലാണ് യുവാക്കള്‍ മോദിക്ക് വോട്ടുചെയ്തത്. 2019ലെ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളി ബി.ജെ.പിക്ക് കടുത്ത പ്രതിസന്ധി ഉയര്‍ത്തും. കസ്ബാ ബോണ്‍ലി പട്ടണം ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള സ്ഥലമാണ്. 2013 ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വന്‍ഭൂരിപക്ഷമാണ് ഇവിടെ നിന്ന് ലഭിച്ചിരുന്നത്. കര്‍ഷകരുടെ ശക്തികേന്ദ്രം കൂടിയായ ഇവിടെനിന്ന് മോദിക്ക് ഒരവസരം കൂടി നല്‍കാന്‍ തയാറല്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."