ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസ്: അന്തിമവാദം തുടങ്ങി
ന്യൂഡല്‍ഹി: ബഹുഭാര്യാത്വത്തെ കുറിച്ചുള്ള തര്‍ക്കത്തേക്കാള്‍ പ്രധാനമുള്ള കേസാണ് ബാബരി മസ്ജിദെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍. അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഇന്നലെ അന്തിമവാദം നടക്കുന്നതിനിടെ വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ മൂന്നംഗബെഞ്ച് മുന്‍പാകെയാണ് വാദംകേട്ടു തുടങ്ങിയത്. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹരജികളാണ് പരിഗണിക്കുന്നത്. കേസ് വിശാല ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് ഇന്നലെ രാജീവ് ധവാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കേസിലെ എല്ലാകക്ഷികളുടെയും അഭിപ്രായം കേട്ട ശേഷമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയൂ എന്നായിരുന്നു ഇതിന് ചീഫ്ജസ്റ്റിസിന്റെ മറുപടി. ഇതോടെ, ബഹുഭാര്യത്വം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഭരണഘടനാ ബെഞ്ചിനു വിട്ട ചീഫ്ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി ചൂണ്ടിക്കാട്ടിയാണ്, ബഹുഭാര്യാത്വത്തേക്കാള്‍ വലുതാണ് ബാബരി മസ്ജിദെന്ന് രാജീവ് ധവാന്‍ വ്യക്തമാക്കിയത്.
ബഹുഭാര്യാത്വം എന്ന വിഷയം അയോധ്യയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കത്തേക്കാള്‍ വലുതാണോ? ബഹുഭാര്യത്വ കേസ് ഭരണഘടനാബെഞ്ചിനു വിടാമെങ്കില്‍ ഈ കേസും എന്തുകൊണ്ട് വിട്ടുകൂടാ? ഇന്ത്യയുടെ മതേതരത്വത്തെ തന്നെ ബാധിച്ച സംഭവമാണ് അയോധ്യാകേസെന്നും ധവാന്‍ പറഞ്ഞു.
സുപ്രധാനകേസായതിനാല്‍ എല്ലാ കക്ഷികളുടെയും വാദംകേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."