കലക്ടറേറ്റില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ സത്യഗ്രഹം
മലപ്പുറം: സംഘര്‍ഷഭരിതമായ ദേശീയപാത സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ കലക്ടറേറ്റില്‍ സത്യാഗ്രഹം നടത്തി. എ.ആര്‍.നഗര്‍ പഞ്ചായത്തിലെ അരീത്തോട്ട് നിയമം ലംഘിച്ചു വീട്ടില്‍ കയറി നാട്ടുകാരെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ ഒന്നടങ്കം അടിച്ചമര്‍ത്തി നടത്തുന്ന സര്‍വേ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. 11ന് സര്‍വകക്ഷി യോഗം നടക്കുംവരെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
അരീത്തോട്ട് പൊലിസിന്റെ അതിക്രമം അതിരുകടന്ന സാഹചര്യത്തിലാണ് പതിനൊന്നോടെ എം.എല്‍.എ കലക്ടറേറ്റിലെത്തിയത്. എന്നാല്‍ കലക്ടര്‍ ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് എ.ഡി.എം വി. രാമചന്ദ്രനുമായി ചര്‍ച്ച നടത്തി. സര്‍വേ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് എ.ഡി.എം അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഒറ്റയാള്‍ സത്യാഗ്രഹം ആരംഭിച്ചത്. തുടര്‍ന്ന് ജുമുഅ നിസ്‌കാരത്തിനായി നിര്‍ത്തിവച്ച സമരം തുടര്‍ന്നു രണ്ടിന് പുനരാരംഭിച്ചു.
ഉച്ചക്ക് ശേഷം ജനപ്രതിനിധികളുള്‍പ്പെടെ കൂടുതല്‍ നേതാക്കളും കലക്ടറുടെ ചേംബറിനുമുന്നിലെ വരാന്തയില്‍ ഐക്യദാര്‍ഢ്യവുമായെത്തി.
വീണ്ടും എ.ഡി.എം ചര്‍ച്ചക്കെത്തിയെങ്കിലും അരീത്തോട് പ്രദേശത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വകുപ്പ് തലവന്‍മാരുമായി ബന്ധപ്പെട്ട എ.ഡി.എം സര്‍വകക്ഷി യോഗം നടക്കുന്ന 11വരെ സര്‍വേ നിര്‍ത്തിവയ്ക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട സത്യഗ്രഹ സമരം അവസാനിപ്പിച്ചത്. സര്‍വകക്ഷി യോഗത്തില്‍ പുതിയ അലൈന്‍മെന്റ് കാര്യം ചര്‍ച്ച ചെയ്യാമെന്നു സര്‍ക്കാര്‍ സമ്മതിച്ചതായും എം.എല്‍.എ പറഞ്ഞു. സമരത്തിനിറങ്ങിയ നാട്ടുകാര്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമര്‍ അറക്കല്‍, എം.എ ഖാദര്‍, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, അഡ്വ. എം. റഹ്മത്തുല്ല, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കലക്‌ട്രേറ്റിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."