വ്യവസായിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്തണമെന്ന് അനില്‍ അക്കര
വടക്കാഞ്ചേരി : പ്രവാസി മലയാളിയും വ്യവസായിയുമായ വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശി ഇ.പി. സുരേഷിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം വേളി വ്യവസായ എസ്റ്റേറ്റിലെ മെറ്റാകെയര്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനി എം.ഡി ഇ.പി. സുരേഷ് മരണപ്പെടാനിടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
ഇതിന് കാരണക്കാരായ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുകയും സുരേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അനില്‍ ആവശ്യപ്പെട്ടു. ഈ തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണംപ്രവാസി മലയാളിയായ സുരേഷ് 2010 ലാണ് നാട്ടില്‍ മടങ്ങിയെത്തി അനുജന്‍ ഷാജികുമാറുമായി ചേര്‍ന്ന് വേളിയില്‍ കമ്പനി തുടങ്ങിയത്. വ്യവസായ എസ്റ്റേറ്റിലെ 10 സെന്റ് ഭൂമി 25000 നല്‍കി ഉടമസ്ഥാവകാശം കരസ്ഥമാ. ക്കുകയും ചെയ്തിരുന്നു. 2016 ല്‍ കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓഹരി ഉടമകളെ പുതുതായി ചേര്‍ത്തു. എന്നാല്‍ പുതിയ കമ്പനിയായി പുതിയ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഏകദേശം 63 ലക്ഷം രൂപ അടച്ചാല്‍ മാത്രമേ ഉടമസ്ഥാവകാശം പുതുക്കി നല്‍കുകയുള്ളൂവെന്ന വ്യവസായ വകുപ്പിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതി സുരേഷ് മരണത്തെ വരിച്ചത്.
ലോക കേരള മലയാളി സഭ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ നടത്തി പ്രവാസി മലയാളികളെ വ്യവസായം തുടങ്ങാന്‍ ആകര്‍ഷിക്കുമ്പോള്‍ നാട്ടിലുള്ള പ്രവാസി വ്യവസായികള്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനു പകരം അവരെ മരണത്തിലേയ്ക്ക് തള്ളി വിടുന്നത് ഖേദകരമാണ്. ഈ വിഷയത്തില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്.മരണപ്പെട്ട ഇ.പി. സുരേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മകന്‍ എസ്. സഞ്ജയ് ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍പെട്ട മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തിലെ മുന്‍ ജനപ്രതിനിധിയും ശ്രീ വ്യാസ എന്‍.എസ്.എസ് കോളേജിലെ കോളേജ് യൂണിയന്‍ ഭാരവാഹിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയുമായിരുന്ന ഇ.പി. സുരേഷ് പാവപ്പെട്ട പട്ടികജാതി കുടുംബത്തില്‍ നിന്ന് രാഷ്ട്രീയസാമൂഹിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചശേഷം യുവവ്യവസായി എന്ന നിലയില്‍ ശോഭിച്ചു വരുമ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായിട്ടുള്ളത്. പുനലൂരിലെ സുഗതന്റെ മരണം അവസാനത്തെ സംഭവമാകട്ടെ എന്ന് നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ചതിനു ശേഷം വീണ്ടും ഒരു പ്രവാസി മരണപ്പെടാനിടയായത് സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ്.
ആയതിനാല്‍ സുരേഷിന്റെ സ്വന്തം നാട്ടുകാരന്‍ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി.എ.സി. മൊയ്തീനും മുഖ്യമന്ത്രിയും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം സുരേഷിന്റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരവും മകന് ജോലി അടക്കമുള്ള ഇതര സഹായവും നല്‍കണമെന്നും അനില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."