ഓര്‍ഡിനന്‍സിന് തിരക്കിട്ട നീക്കം ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ദീര്‍ഘിപ്പിച്ചു
തൊടുപുഴ: സംസ്ഥാന ചരിത്രത്തിലാദ്യമായി 14 ജില്ലാ സഹ. ബാങ്കുകളിലെയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഒരുവര്‍ഷത്തിനുശേഷം വീണ്ടും ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.
ജില്ലാ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിട്ട് 2017 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. 2017 ഒക്ടോബര്‍ 10ന് ഈ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസത്തേക്കുകൂടി നീട്ടി.
ഇതിനെതിരേ വിവിധ ജില്ലാ ബാങ്ക് ഭരണസമിതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിലും അഡിമിനിസ്‌ട്രേറ്റീവ് കമ്മിറ്റികളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ പാടില്ലെന്നും ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് ആറുമാസത്തിനകം നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഏപ്രില്‍ 10ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് സഹകരണ വകുപ്പ് സെക്രട്ടറി വേണുഗോപാല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സഹകരണ നിയമത്തിലെ വകുപ്പ് 33 പ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരുവര്‍ഷത്തിനു പുറമെ ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഒരുവര്‍ഷം കൂടി നീട്ടാവുന്നതാണെന്ന പഴുത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോടതി നിര്‍ദേശത്തെ മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പുതിയ ഭരണസമിതി നിലവില്‍ വരുകയോ അല്ലെങ്കില്‍ ആറുമാസം കാലാവധിയോ, ഏതാണാ ആദ്യം അതനുസരിച്ചായിരിക്കും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.
ജനാധിപത്യഭരണം നിലനില്‍ക്കുന്ന സഹകരണ മേഖലയില്‍ വലിയ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഓള്‍ കേരള ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സി.കെ അബ്ദുല്‍ റഹിമാന്‍ സുപ്രഭാതത്തോട് പറഞ്ഞു. അതിനിടെ, കേരള ബാങ്ക് രൂപീകരണത്തിനായി ജില്ലാ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കി.
ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥപ്രകാരം സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ ബാങ്കുകളും സംയോജിപ്പിക്കാന്‍ അതത് ജില്ലാ ബാങ്കുകളുടെ അംഗീകാരം ആവശ്യമാണ്.
ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ ബോഡിയോഗം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. നിലവിലെ സാഹചര്യത്തില്‍ പ്രമേയം വന്നാല്‍ 14 ജില്ലാ ബാങ്കുകളില്‍ ഒന്‍പതിടത്തുമാത്രമാണ് മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയുള്ളത്. ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കം. ഇപ്പോള്‍ ജില്ലാ ബാങ്കുകളില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍മാരാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍.
ജനറല്‍ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പില്ലാത്തതിനാല്‍ സര്‍ക്കാര്‍ നോമിനികളായ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഇപ്പോള്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. കേരള ബാങ്ക് സംബന്ധിച്ച് സര്‍ക്കാര്‍ നീക്കങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞ നാലിന് നിയമസഭയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടി ഇതുവരെ നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."