കടിഞ്ഞൂല്‍ സാഹിത്യം
കഥ എഴുതാന്‍ പോകയാണെന്നും പറഞ്ഞു ഭാര്യ എഴുത്തുമേശയുടെ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേനേരമായി. അവള്‍ എഴുതിയ പഴയ കഥകളൊക്കെ കീറിപ്പാറിയ ഡയറിത്താളുകളില്‍ ചിതലരിച്ചു കിടക്കയാണ്. അതിലേക്ക് ഒന്ന് ഒളിഞ്ഞുനോക്കാന്‍ പോലും അവള്‍ സമ്മതിക്കില്ല. ഗര്‍ഭപാത്രത്തില്‍ ഊളിയിട്ടു കടന്നെത്തുന്ന ബീജങ്ങള്‍ വല്ലതും തോടു പൊട്ടിച്ച് ഉള്ളിലെത്തിയാല്‍ മാത്രം ഒരു കുരുന്നുജീവന്‍ വളരാന്‍ തുടങ്ങുന്ന പോലെയാണവളുടെ കഥയുടെ കാര്യവും. മിക്കപ്പോഴും രചനകള്‍ പാതിവഴിയിലെത്തി പൊട്ടിയൊലിച്ചു പോകയാണു പതിവ്.
കോളജ് മാഗസിനുകളില്‍ അച്ചടിച്ചുവന്ന പൈങ്കിളികഥകളല്ലാതെ സാഹിത്യ പാരമ്പര്യം ഒന്നും അവള്‍ക്കില്ല. ആ പ്രായത്തില്‍ ഏത് പൊലിസുകാരന്‍പോലും കഥയെഴുതുമായിരുന്നൂ. എത്ര തവണ അവളോടു പറഞ്ഞു നീ കഥയെഴുത്തിനു വേണ്ടി തല പുണ്ണാക്കണ്ടയെന്ന്. ഇരിപ്പു കണ്ടാല്‍ തോന്നും മാധവിക്കുട്ടിയോ അരുന്ധതി റോയിയോ ഒക്കെയാണെന്ന്. ആകെ കിട്ടുന്ന രണ്ടാം ശനിയാഴ്ച ഇന്ന് ഇവള്‍ കുളമാക്കിയതുതന്നെ.
പെന്‍സില്‍ കടിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. ഇടക്കെപ്പോഴോ ഉച്ചഭക്ഷണം തയാറാക്കി വീണ്ടും ഇരിപ്പായി. കോപം അടക്കി അയാള്‍ പത്രം വായനയും ടി.വി കാണലും തുടര്‍ന്നു... 'ഇല്ല നമുക്കായൊരു സന്ധ്യാ....' കടമ്മനിട്ടയുടെ വരികള്‍ യാഥാര്‍ഥ്യമാകുന്നത് ഉറപ്പായി. ശനിയും ഞായറും വരാനിരിക്കുന്ന ഒരാഴ്ചയുടെ ഗര്‍ഭഭാരം മുഴുവന്‍ വഹിക്കുന്ന ദിവസങ്ങളാണ്. പുതിയ വീട്ടിലേക്കു താമസം മാറിയപ്പോള്‍ ആഗ്രഹിച്ചതാണ് ഒരു സിനിമ കാണണമെന്ന്. എന്തു ഗുരുതരമായ കഥയാണാവോ ഇവള്‍ എഴുതിവിടാന്‍ പോകുന്നത്? അതെങ്ങാനും അച്ചടിച്ചു വന്നാലത്തെ സ്ഥിതിയോ. ഇവള്‍ ഒരു നിരൂപകയായിരുന്നുവെങ്കില്‍ ഇതില്‍ കൂടുതല്‍ സമയം കിട്ടിയേനെ.
അയാള്‍ ഒന്ന് അമര്‍ത്തി ചിരിച്ചുകൊണ്ടു ചോദിച്ചു: ''അല്ല നിനക്ക് ഇതുവരെ ഒന്നും കണ്‍സീവ് ആക്കാന്‍ പറ്റിയില്ലേ? ഡെലിവറിയുടെ താമസം കണ്ടുചോദിച്ചതാ.''
''പ്‌ളീസ് ഡോണ്ട് ഡിസ്റ്റര്‍ബ്...'' അവള്‍ പിറുപിറുത്തു, കുറച്ചുകൂടി ഗൗരവത്തിലായി.
കല്യാണം കഴിഞ്ഞു കാമുകിയെ തേടി പൂര്‍വകാമുകന്‍ വരുന്ന കഥയാണോ. അതൊക്കെ ഔട്ട്‌ഡേറ്റ് ആയി കെട്ടോ പകരം വല്ല ഹോമോസെക്ഷ്വാലിറ്റിയെ കുറിച്ചോ മറ്റോ എഴുതാന്‍ പാടില്ലേ. സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു, 'അല്ലെങ്കിലും ഈ പെണ്ണെഴുത്തില്‍ എന്തിരിക്കുന്നു?''
എഴുതാന്‍ അറിയുന്നവര്‍ എഴുതും, വരയ്ക്കാന്‍ അറിയുന്നവര്‍ വരക്കും. അല്ലെങ്കിലും ഇയാള്‍ക്ക് എഴുത്തിനെപ്പറ്റി എന്തറിയാം. വെറുതെ കിടന്നു കലമ്പുന്നു. കടുത്ത ദേഷ്യം വന്നെങ്കിലും അവള്‍ മനസില്‍ പറഞ്ഞു.
കൈപ്പത്തികള്‍ കൊണ്ട് കണ്ണുകള്‍ പൊത്തി ഒരു ധ്യാനത്തിലെന്നപോലെ അവളിരുന്നു, നിമിഷങ്ങള്‍ കടന്നുപോയതറിയാതെ. ഭര്‍ത്താവിന്റെ കൈകള്‍ തോളില്‍ പതിഞ്ഞപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം അവള്‍ക്ക് ഓര്‍മ വന്നു. തന്റെ മുന്നിലെ വെള്ളക്കടലാസില്‍ ശൂന്യത.
തന്റെ കഥ ഗര്‍ഭം ധരിച്ചിട്ടേയുള്ളൂ, പ്രസവിച്ചിട്ടില്ല എന്ന സത്യം അവള്‍ക്കു സഹിക്കാനായില്ല. കിടക്കയില്‍ കമിഴ്ന്നുവീണു കുഞ്ഞുപൂക്കളുള്ള തലയിണയില്‍ മുഖം അമര്‍ത്തി അവള്‍ തേങ്ങി തേങ്ങി കരഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."