ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
മാനന്തവാടി: തേന്‍ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ബാവലി തോണിക്കടവ് കക്കേരി കോളനിയിലെ കുട്ടന്റെയും കുള്ളിയുടെയും മകന് മാതന്(മധു 39) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്കു സമീപം വനത്തിനുള്ളിലാണ് വെള്ളിയാഴ്ച രാവിലെ മാതന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുകൂടിയായ മണ്ണുണ്ടി കോളനിയിലെ ശ്രീകുമാറിനൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു മധു. തിരിച്ചുവരവെ ഇരുവരും ആനയുടെ മുന്നില്‍ അകപ്പെട്ടു. ശ്രീകുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മാതനും രക്ഷപ്പെട്ടിരിക്കാമെന്നാണു കരുതിയിരുന്നത്. എന്നാല്‍ മാതനെ കാണാതായതോടെ നടത്തിയ തിരച്ചിലിനിടയിലാണ് ഇരുവരും ആനയുടെ മുന്നില്‍ അകപ്പെട്ട ഇല്ലിക്കൂട്ടത്തിന് സമീപം മാതന്റെ മൃതദേഹം കണ്ടെത്തിയത്.
തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമാണു പരുക്കേറ്റത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെ ചുമതല വഹിക്കുന്ന ഷജ്ന കരീം, തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എ.കെ.ഗോപാലന് എന്നിവര്‍ സ്ഥലത്തെത്തി. തിരുനെല്ലി എസ്.ഐ ടി.മനോഹരന്, എ.എസ്.ഐ കെ.എം.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. രണ്ടുവര്‍ഷം മുന്‍പ് ചേലൂര്‍ നേതാജി കോളനിയിലെ മനോജിനെയും കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. മാതന്റെ ഭാര്യ ലക്ഷ്മി വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. നാല് മക്കളുണ്ട്.
അടിയന്തിര സഹായമായി 10000 രൂപയും ഇന്‍ഷുറന്‍സ് തുകയായി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും നല്‍കുമെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി.ധനേഷ്കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."