കാവേരി തര്‍ക്കം: ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് കേരളവും വേദിയായേക്കും
തിരുവനന്തപുരം: കാവേരി നദീജല തര്‍ക്കത്തെ ചൊല്ലിയുള്ള തമിഴ്‌നാട് - കര്‍ണാടക ഏറ്റുമുട്ടല്‍ ശക്തമായതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്. തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം ഐ.പി.എല്‍ മത്സരങ്ങളെ ബാധിച്ചേക്കുമെന്നതിനാല്‍ വേദിയായി കേരളത്തെ പരിഗണിക്കാന്‍ ആലോചന തുടങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ മത്സരങ്ങള്‍ക്കാണ് കേരളം വേദിയായേക്കുക. ബി.സി.സി.ഐയും സൂപ്പര്‍ കിങ്‌സ് ടീം മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിപ്രായം തേടിയിട്ടുണ്ട്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരത്തിന് സജ്ജമാണെന്ന് കെ.സി.എ മറുപടിയും നല്‍കിയിട്ടുണ്ട്.
കാവേരി നദീജലം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരം തേടി തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാണ്. കാവേരി ജല തര്‍ക്കം പരിഹരിക്കുന്നത് വരെ ഐ.പി.എല്‍ ബഹിഷ്‌കരിക്കാനാണ് തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ് ജനതയൊന്നാകെ മത്സരത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്. ഇതേ നിലപാടിലാണ് ഭരണ- പ്രതിപക്ഷ പാര്‍ട്ടികളും. ഈ സാഹചര്യത്തിലാണ് മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നത്.
ഇന്നലെ മുംബൈയില്‍ വച്ച് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയുമായും ചെന്നൈ സൂപ്പര്‍കിങ്‌സ് മാനേജ്‌മെന്റുമായും കൂടിക്കാഴ്ച നടത്തിയെന്നും ഇക്കാര്യത്തില്‍ കെ.സി.എ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മത്സരം നടത്താന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമാണെന്ന് ബി.സി.സി.ഐയെ അറിയിച്ചതായും കെ.സി.എ പ്രസിഡന്റ് റോങ്ക്‌ലിന്‍ ജോണ്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതേ വിഷയവുമായി കെ.സി.എയെ സമീപിച്ചിരുന്നു.
അവരോടും ഇതേ മറുപടി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ബി.സി.സി.ഐയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിലെ മത്സരക്രമം മാറ്റാതെ തന്നെ കേരളത്തില്‍ മത്സരം നടത്താനാകുമെന്നും റോങ്ക്‌ലിന്‍ ജോണ്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ടീമില്ലാത്തതിനാല്‍ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചേക്കും.
കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നത് വരെ ഐ.പി.എല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന വാദമുയര്‍ത്തി തമിഴ്‌നാട്ടില്‍ പ്രചാരണം വ്യാപകമാണ്. ഇന്നലെ രജനീകാന്തിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയും ഈ ആവശ്യമുന്നയിച്ച് രംഗത്ത് വന്നതോടെ സര്‍ക്കാരും അതോടൊപ്പം ചെന്നൈ സൂപ്പര്‍കിങ്‌സ് മാനേജ്‌മെന്റും സമ്മര്‍ദത്തിലായിരിക്കുകയാണ്. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
സുരക്ഷയുടെ കാര്യത്തില്‍ തമിഴ്‌നാട് പൊലിസിന്റെ അഭിപ്രായംകൂടി അറിഞ്ഞതിന് ശേഷമായിരിക്കും കളികളുടെ കാര്യത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുക. സീസണ്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ഒന്നോ രണ്ടോ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടായിരുന്നു. ലീഗില്‍ നിന്ന് പുറത്ത് പോയതിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈയെ സംബന്ധിച്ചിടത്തോളം ഹോംഗ്രൗണ്ടില്‍ മത്സരം നടത്തുകയെന്നത് അഭിമാന പ്രശ്‌നമാണ്. പക്ഷേ കളിക്കാരുടെയും സന്ദര്‍ശക ടീമിന്റെയും സുരക്ഷയാണ് വെല്ലുവിളിയുയര്‍ത്തുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയുള്ള മത്സരം ചെന്നൈയില്‍ നടത്തുക ഏതാണ്ട് അപ്രായോഗികമാണ് എന്ന നിലപാടാണ് ചെന്നൈ മാനേജ്‌മെന്റിനുള്ളത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സര സജ്ജമാണെന്നതും കേരളത്തെ വേദിയായി പരിഗണിക്കുന്നതിന് അനുകൂല ഘടകമാണ്.
രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് ബി.സി.സി.ഐ അറിയിച്ചതെന്ന് സ്‌പോട്‌സ് ഹബ് സി.ഇ.ഒ അജയ് പത്മനാഭന്‍ അറിയിച്ചു. നാളെ ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍ മത്സരം. നാളെ മുതല്‍ മെയ് 20 വരെ ഏഴ് മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുക. വേദി മാറ്റുകയാണെങ്കില്‍ ഈ മത്സരങ്ങളെല്ലാം തിരുവന്തപുരത്താകും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."