ചക്ക ചില്ലറക്കാരനല്ല
ഒന്നുരണ്ടു വര്‍ഷം മുന്‍പത്തെ അവസ്ഥയല്ല ഇന്ന് ചക്കയുടേത്. ആര്‍ക്കും വേണ്ടാതെ ഈച്ചയാര്‍ത്ത് പറമ്പുകളില്‍ അടിഞ്ഞുകിടന്ന ചക്ക ഇപ്പോള്‍ സംസ്ഥാനഫലമന്ന കൊതിയൂറും പദവിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ഔദ്യോഗികപദവി ലഭിച്ചതോടെ ചക്കയുടെ മഹാത്മ്യം മാലോകരറിഞ്ഞുതുടങ്ങി. മൊറേസിയ (ങീൃമരലമല) കുടുംബത്തില്‍പ്പെട്ട ചക്കയുടെ ശാസ്ത്രീയ നാമം ആര്‍ട്ടോയിര്‍പ്പസ് ഹെറ്റിറോഫില്ലസ് ലാം (അൃീേലമൃുൗ െവലലേൃീുവ്യഹഹൗ െഘമാ) എന്നാണ്. ജക്കാ, ഞങ്ക, ചക്ക എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നതും പുറമെ കാരുകൊണ്ട് സംരക്ഷിക്കപ്പെട്ടതുമാണ് ഈ മധുരക്കനി. ഉഷ്ണമേഖലാ, മിതോഷ്ണമേഖലാ കാലാവസ്ഥകളില്‍ വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും. മരങ്ങളില്‍ ഉണ്ടാകുന്ന പഴങ്ങളില്‍ ഏറ്റവും വലിപ്പം ചക്കയ്ക്കുതന്നെ. ഒരു ചക്കയില്‍ 100 മുതല്‍ 500 വരെ ചുളയും ചക്കക്കുരുവും ഉണ്ടാകും. നൂറ് ഗ്രാം ചക്കയില്‍ 95 ഗ്രാം കലോറിയും 0.6 ഗ്രാം ഫാറ്റും 2.3 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 1.7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പശ്ചിമഘട്ടമേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും വരള്‍ച്ച തടയുന്നതിലും പ്ലാവ് വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ കാര്‍ഷികനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികര്‍ച്ചര്‍ റിസേര്‍ച്ചിന്റെ പട്ടികയില്‍ ചക്ക ഇപ്പോഴും ഒരു 'ചെറിയ പഴ'മാണ്. ഈ അവഗണനകാരണം ചക്കയ്ക്കായി ഒരു ദേശീയ നയം രൂപപ്പെടുന്നില്ല. സംസ്ഥാനപദവി ഈ പ്രതിസന്ധികളെല്ലാം മറി കടക്കാനുള്ള ആദ്യപടിയായാലെ ആരോഗ്യ ഭക്ഷണത്തിലുപരി ചക്കയില്‍നിന്ന് അധികവരുമാനം ഉറപ്പുവരുത്താനാകൂ.
ചരിത്രം
പശ്ചിമഘട്ട മേഖലകളാണ് ചക്കയുടെ ഉറവിടം. പിന്നീട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും മധ്യ ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ബ്രസീലില്‍ ചക്ക ജനകീയ പഴമാണ്. ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയില്‍ ഔദ്യോഗികഫലമല്ലെങ്കിലും ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന പഴങ്ങളിലൊന്ന് ചക്കയാണ്. തായ്‌ലന്‍ഡും വിയറ്റ്‌നാമുമാണു പ്രധാനമായും ചക്ക ഉല്‍പ്പാദകരാജ്യങ്ങള്‍. കേരളത്തില്‍ എറണാകുളം ജില്ലയാണു ചക്കയുല്‍പ്പാദനത്തില്‍ മുന്നില്‍. ഇന്ത്യയില്‍ ഏറ്റവുമധികം ചക്ക ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണങ്കിലും കേരളമാണ് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം.
വിലയിലും കേമന്‍
60 മുതല്‍ 100 രൂപ വരെയാണ് നാട്ടില്‍ ചക്കയ്ക്ക് വില. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില അയ്യായിരത്തിലും മേലെയാണ്. പാകമാകും മുന്‍പേയുള്ള ഇടിച്ചക്കയ്ക്കാണു വില കൂടുതല്‍. ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്കക്കര്‍ഷകര്‍ക്ക് ലഭിക്കുന്ന മൊത്ത വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കിലോയ്ക്ക് അഞ്ചുരൂപ ഉണ്ടായിരുന്നത് എട്ടായി. പച്ചക്കറിക്കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കിലോയ്ക്ക് 20 രൂപ മുതല്‍ 30 രൂപ വരെയുണ്ട്.
ഔഷധമൂല്യം
വെറുമൊരു പഴം മാത്രമല്ല ചക്ക. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധം കൂടിയാണ്. ചക്കയില്‍ വൈറ്റമിന്‍ എ,ബി,സി,പൊട്ടാസ്യം,കാല്‍സ്യം,റൈബോഫ് ഫ്‌ളേവിന്‍, അയേണ്‍, നിയാസിന്‍, സിങ്ക് തുടങ്ങി ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പ്രമേഹരോഗികള്‍ക്കും ഉത്തമമാണ് ചക്ക. ബി.പി നിയന്ത്രിക്കാനും വിളര്‍ച്ച പരിഹരിക്കാനും രക്തപ്രവാഹം ശരിയായ നിലയിലാക്കാനും ചക്ക സഹായിക്കും. ആസ്ത്മ, തൈറോയ്ഡ് രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണിത്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും. ചക്കയുടെ മടലും ചകിണിയും ചേര്‍ന്ന ഭാഗം കൊളസ്‌ട്രോള്‍ നില കുറയ്ക്കാന്‍ ഉത്തമമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മള്‍ബെറി കുടുംബത്തില്‍പ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തില്‍ കൂടതല്‍. വിഷമയം തീരെയില്ലാത്ത പഴം പച്ചക്കറി ഏതെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്. വീട്ടുമുറ്റത്തും പറമ്പിലും കാര്യമായ വെള്ളമോ വളമോ നല്‍കാതെ നല്ല വിളകിട്ടുന്ന ജൈവ ഫലം കൂടിയാണ് ചക്ക.
ചക്കയും കേരളവും
കേരളത്തെ സംബന്ധിച്ചു വലിയൊരു പ്രശ്‌നം എന്നത് പാഴായിപ്പോകുന്ന ചക്കയാണ്. ഒരു സീസണില്‍ ഏകദേശം 28 കോടി ചക്കകള്‍ കേരളത്തില്‍ വിളയുന്നുണ്ടെന്നാണു കണക്ക്. ഇതില്‍ ഉപയോഗിക്കുന്നത് വെറും 2.1 ശതമാനം മാത്രമാണ്. ബാക്കിയെല്ലാം ഉപയോഗശൂന്യമായി ചീഞ്ഞുപോവുകയും പാഴാവുകയുമാണ്. ചക്ക ഒരു വരുമാന സ്രോതസായി മലയാളികള്‍ കണ്ടിട്ടില്ല. വിപണനമൂല്യവും ചക്ക കേടുവരാതെ സൂക്ഷിച്ചുവയ്ക്കാനുള്ള ശാസ്ത്രീയ രീതിലുള്ള യന്ത്രങ്ങളുടെ അഭാവവുമാണ് ചക്ക കൃഷിയില്‍ നിന്ന് കര്‍ഷകരെ പിന്നോട്ടുവലിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണു ചക്ക സീസണ്‍. ഏറ്റവും കൂടതല്‍ ചക്കകള്‍ ഉണ്ടാകുന്നത് വനങ്ങളിലാണ്. അവയെല്ലാം തന്നെ ചീഞ്ഞുപോകുകയാണ് പതിവ്. ഒരു പ്ലാവില്‍ തന്നെ അമ്പതും അതിന് മുകളിലും ചക്കകള്‍ ഉണ്ടാകും. എന്നാല്‍ ഇവയൊന്നും നമ്മള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാറില്ല. പലരും പ്ലാവുകള്‍ തോട്ടങ്ങളില്‍ നിന്ന് വെട്ടി ഒഴിവാക്കുകയാണിപ്പോള്‍. മറ്റു രാജ്യങ്ങള്‍ ചക്കയെ കൃഷിരീതി ആക്കിമാറ്റുമ്പോള്‍ നമ്മള്‍ ഇല്ലാതാക്കുകയാണ്. എവിടെയും നടാമെന്നതാണ് പ്ലാവിന്റെ പ്രത്യേകത. മറ്റു രാജ്യങ്ങളില്‍ ശാസ്ത്രീയരീതിലുള്ള പരിപാലനമാണ് ചക്കയ്ക്ക് നല്‍കുന്നത്. മുറ്റത്ത് വിളയുന്ന രത്‌നത്തെ തിരിച്ചറിയനാവാതെ വിദേശ പഴവര്‍ഗങ്ങള്‍ക്ക് പിന്നിലെ ഓടുകയാണ് മലയാളികള്‍.
ചക്ക ഉല്‍പ്പന്നങ്ങള്‍
ചക്ക ചോക്ലേറ്റ്, ടോഫി, ബര്‍ഫി, ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കപ്പഴം ഉണക്കിയത്, ചക്കപപ്പടം, ചക്കമടല്‍ അച്ചാര്‍, ഇടിച്ചക്ക അച്ചാര്‍, ഇടിചക്കകട്ട്‌ലറ്റ്, ഇടിച്ചക്ക ലഡ്ഡു, ചക്ക കുമ്പിളപ്പം, ചക്ക ജെല്ലി, ചക്കവറ്റല്‍, ചക്ക സിപ്അപ്, ചക്ക ഐസ്‌ക്രീം, ചക്കക്കുരു പൊടി, ചക്ക എരിശ്ശേരി, ചക്കത്തോരന്‍, ചക്കക്കുരു കൊണ്ട് അവലോസുപൊടി എന്നിവയെല്ലാം ഉണ്ടാക്കാം. കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ ചക്കയില്‍ നിന്നും 200ല്‍പ്പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.
ചക്കയും വയനാടും
2006ല്‍ വയനാട്ടിലെ കല്‍പ്പറ്റക്കടുത്ത് തൃക്കൈപ്പറ്റ എന്ന ഗ്രാമത്തില്‍ ഉറവ് നാടന്‍ ശാസ്ത്രസാങ്കേതിക പഠനകേന്ദ്രം ആദ്യമായി നടത്തിയ ചക്ക മഹോത്സവത്തോടെയാണ് ചക്കയ്ക്കു വേണ്ടിയുള്ള കാംപയിനുകള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുന്നത്. 2008ല്‍ രണ്ടാമതും ചക്ക മഹോത്സവം സംഘടിപ്പിച്ചപ്പോള്‍ ലോകത്തില്‍ തന്നെ ആദ്യം എന്ന അംഗീകാരം ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ നിന്ന് സംഘാടകര്‍ക്ക് ലഭിച്ചു.
ചക്കയുടെ നല്ലകാലത്തിനായുള്ള ചെറിയ തുടക്കമായിരുന്നു അത്. 12 വര്‍ഷത്തെ അനേകം ആളുകളുടെയും പ്രസ്ഥാനങ്ങളുടെയും നിരന്തര പ്രയത്‌ന ഫലമായാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാനഫലമായി നിയമസഭയില്‍ പ്രഖ്യാപിച്ചത്. സംസ്ഥാന കൃഷിവകുപ്പ് ഈ മേഖലയിലെ സമഗ്ര വളര്‍ച്ചക്ക് കൂടുതല്‍ ആക്കം കൂട്ടാന്‍ ആണ് ഈ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."