ദേശീയ പാതയില്‍ 35 കോടിയുടെ നവീകരണ പ്രവൃത്തികള്‍
തൊടുപുഴ: കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയുടെ പഴയ കെ.കെ റേഡിന്റെ ഭാഗമായ പീരുമേട് മുതല്‍ കുമളി വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. 35 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. റോഡിന്റെ അപകട ഭീഷണിയിലുള്ള സംരക്ഷണ ഭിത്തികളുടെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
പീരുമേട് മുതല്‍ കുമളി വരെ 34 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ഭാഗങ്ങളില്‍ റോഡ് 9 സെന്റിമീറ്ററായി ഉയര്‍ത്തി ടാറിങ് നടത്തുന്നതിനു വേണ്ടിലെവല്‍ പരിശോധനയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏകദേശം രണ്ടാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന പ്രക്രീയയാണ് ടാറിങ് ലെവല്‍ പരിശോധന. കക്കികവല മുതല്‍ നെല്ലിമല വരെ അര കിലോമീറ്റര്‍ റോഡ് ഉയര്‍ത്തിയാവും ടാറിങ് നടത്തുക.
ദേശീയ പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന ചോറ്റുപാറ പെരിയാര്‍ തോട്ടിലെ വെള്ളം മഴക്കാലത്ത് റോഡില്‍ കയറി ഗതാഗത സ്തംഭനം ഉണ്ടാകുന്നത് പതിവാണ്. ഇത് ഒഴിവാക്കാനാണ് റോഡ് ഉയര്‍ത്തുന്നത്. ഇതിനു പുറമെ റോഡുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തി 8 മീറ്റര്‍ വീതിയില്‍ പണിയുന്നതിനാണ് പദ്ധതി. പ്രധാന കവലകളായ പഴയ പാമ്പനാര്‍, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നടപ്പാതകളില്‍ ടൈല്‍ ഇട്ട് മോടിപിടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വാഹനങ്ങള്‍ വര്‍ധിച്ചതോടെ പല കവലകളിലും പാര്‍ക്കിങ് തിരക്കുമൂലം അപകടങ്ങള്‍ പതിവാകുകയും കാല്‍നട പോലും ദുസഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാന ടൗണുകളിലെ നടപ്പാതകളുടെയും വികസനത്തിനായി പദ്ധതിയൊരുങ്ങിയത്.
റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മഴക്കാലത്തിന് ശേഷമായിരിക്കും ടാറിങ് നടത്തുന്നത്. ഭരണങ്ങാനം ആസ്ഥാനമായുള്ള രാജി മാത്യു ആന്‍ഡ് കമ്പനിയാണ് കരാറുകാര്‍.
2001 ലാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പഴയ കെ.കെ റോഡ് ദേശീയപാത വിഭാഗം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം റോഡ് വികസനത്തിനായി ദേശീയപാത അധികൃതര്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. ഗതാഗതം, മണ്ണ്, ഫോട്ടോഗ്രഫി തുടങ്ങി വിവിധ തരത്തിലാണ് പഠനങ്ങളാണ് നടത്തിയത്. ഗതാഗത പരിശോധനയും മണ്ണിന്റെ ഘടനാ പഠനവും ഒരു മണിക്കൂറില്‍ ദേശിയ പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ തരം തിരിച്ചുള്ള കണക്കെടുപ്പും നടത്തിയിട്ടുണ്ട്. സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് സര്‍വേകള്‍ നടത്തിയത്.
ഈ പഠന റിപ്പോര്‍ട്ട് സ്വകാര്യ കണ്‍സള്‍ട്ടന്‍സി ദേശീയപാത അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കോട്ടയം - കുമളി (പഴയ കെ.കെ.റോഡ്) റോഡ് ഏറ്റെടുത്തപ്പോള്‍ റോഡിന്റെ സര്‍വേ രേഖകള്‍ ദേശീയപാത അതോരിറ്റിയ്ക്ക് നല്‍കിയിട്ടില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ പുറമ്പോക്കിലെ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിന് ഏറെ പ്രയാസകരമാണ്.
ദേശിയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ചും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍വേ രേഖകള്‍ ലഭിക്കാത്ത പക്ഷം ദേശീയ പാത വികസനത്തിന് കാലം താമസം വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായ കൈയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. 1980 ല്‍ കെ.കെ റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടുകയും വളവുകള്‍ നിവര്‍ത്തി ദൂരം കുറയ്ക്കുകയും ചെയ്തിരുന്നു.
വളവുകള്‍ നിവര്‍ത്തിയപ്പോള്‍ കെ.കെ റോഡിന്റെ ഭാഗമായ പല സ്ഥലങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയേറി. പ്രധാന കവലകളുടെ ഇരുവശങ്ങളിലുമായി നടപ്പാതകള്‍ മോടി പിടിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് ദേശീയപാത അധികൃതര്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."